കായംകുളം: എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയെടുത്തെന്ന പരാതി നൽകാൻ യുവതിക്കൊപ്പമെത്തിയ കൂട്ടുകാരി അതേ കേസിൽ പോലീസ് പിടിയിലായി. ഇവരുടെ കൂട്ടാളികളായ രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഓച്ചിറ സ്വദേശിയായ നസീന (23), കൃഷ്ണപുരം നിഷാദ് മൻസിലിൽ നിഷാദ് (22), പെരുങ്ങാല കണ്ടിശേരി തെക്കതിൽ മുഹമ്മദ് കുഞ്ഞ് (അനി -28) എന്നിവരെയാണ് കായംകുളം എസ്എെ രാജൻ ബാബുവും സംഘവും തന്ത്രപരമായി അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ എട്ടിനാണ് സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റായ പത്തിയൂർ കിഴക്ക് സ്നേഹാലയത്തിൽ സുരേഷിന്റെ ഭാര്യ കല തന്റെ എടിഎം കാർഡ് നഷ്ടപ്പെട്ടതായി മനസിലാക്കിയത്. തുടർന്ന് ബാങ്കിൽ പരാതി നൽകിയപ്പോൾ 68,600 രൂപ പല തവണയായി പിൻവലിച്ചതായി അറിഞ്ഞു.
ഇതോടെ ഇവർ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. കൂട്ടുകാരി നസീനയുമൊത്താണ് ഇവർ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയത്. മോഷണം പോയ കാർഡ് സ്വൈപ്പ് ചെയ്ത് കായംകുളത്തെ ഒരു പമ്പിൽനിന്ന് 600 രൂപയ്ക്കു പെട്രോൾ അടിച്ചതായി ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ച എസ്ഐ രാജൻ ബാബു കണ്ടെത്തി.
തുടര്ന്ന് പമ്പിലെ സിസിടിവിയിലെ ദൃശ്യങ്ങളിൽനിന്നു തിരിച്ചറിഞ്ഞ നിഷാദിനെ (22) കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. അപ്പോൾ മറ്റൊരു സുഹൃത്തായ പെരുങ്ങാല കണ്ടിശേരി തെക്കതിൽ മുഹമ്മദ് കുഞ്ഞ് (അനി-28) ആണ് കാർഡ് നൽകിയതെന്നു മൊഴി നൽകി. പിന്നീട് ഇയാളിൽനിന്നു ലഭിച്ച നിർണയക മൊഴികളിലാണ് അന്വേഷണം കൂട്ടുകാരിയിലേക്കു നീങ്ങിയത്.
പരാതി നൽകാൻ കലയോടൊപ്പമെത്തിയ കൂട്ടുകാരി നസീനയാണ് കാർഡ് കൈവശപ്പെടുത്തിയതെന്നു പോലീസ് മനസിലാക്കി. തുടർന്ന് മൂവരെയും അറസ്റ്റ് ചെയ്തു.