നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജന പക്ഷപാതത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ ബോളിവുഡില്‍ നിരവധി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ചിലര്‍ വാദമുയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.
ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മുതിര്‍ന്ന നടന് നസറുദ്ദീന്‍ ഷാ.സിനിമാ രംഗത്ത് മാഫിയകളില്ലെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ ഷാ പറഞ്ഞു. സുശാന്ത് മരിച്ചപ്പോള്‍ താന്‍ വളരെയധികം ദുഃഖിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശബ്ദമുണ്ടാക്കുന്നവരില്‍ പലരും അമര്‍ഷമുള്ള ആളുകളാണെന്നും ഷാ പറഞ്ഞു. ‘ ഈ വ്യവസായ രംഗത്തെക്കുറിച്ച് മനസ്സിലും ഹൃദയത്തിലും അല്പം അമര്‍ഷമുള്ള ഓരോ വ്യക്തിയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറംതള്ളിക്കൊണ്ടിരിക്കുകയാണ്. ഇത് തികച്ചും വെറുപ്പുളവാക്കുന്നതാണ്.
സുശാന്തിന് നീതി ലഭ്യമാക്കുന്നതിനായി സ്വയം മുന്നിട്ടിറങ്ങാന്‍ തീരുമാനിക്കുന്ന പാതി വിദ്യാഭ്യാസമുള്ള ചില ചെറിയ താരങ്ങളുടെ അഭിപ്രായങ്ങളില്‍ ആര്‍ക്കും താല്‍പ്പര്യമില്ല. നീതി നടപ്പാക്കേണ്ടതുണ്ടെങ്കില്‍, നിയമ പ്രക്രിയയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു, ഇത് നമ്മളുടെ കാര്യമല്ലെങ്കില്‍ നമ്മള് അതിലൊന്നും സ്വയം ശ്രദ്ധിക്കേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു,” നസറുദ്ദീന്‍ ഷാ പറഞ്ഞു.
”ഈ പുറത്തുള്ളയാള്‍-അകത്തുള്ളയാള് വിഡ്ഢിത്തം എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഒരുപാട് അസംബന്ധങ്ങളാണ്, നമ്മള് ഇത് അവസാനിപ്പിക്കണം. ഇതെല്ലാം അസംബന്ധങ്ങളാണ്,” അദ്ദേഹം പറഞ്ഞു.
”നുസ്രത്ത് ഫത്തേ അലി ഖാന്റെ പിന്‍ഗാമികള്‍ ഗായകരാകാന്‍ പാടില്ലായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കാരണം, അദ്ദേഹം ഒരു താരമായിരുന്നു, ഞങ്ങള്‍ അത് കണ്ടു.
സ്വജനപക്ഷപാതം വഴി നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തെത്തിക്കാനാവും, പക്ഷേ അതിനു ശേഷമുള്ള മുന്നോട്ട് പോക്ക് നിങ്ങളുടേതാണ്, അതിനുശേഷം മുന്നോട്ട് പോവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഒരു ബന്ധങ്ങളും നിങ്ങളെ സഹായിക്കില്ല, അത് തലുമുറകളായി തെളിയിക്കപ്പെട്ടതാണ്,” അദ്ദേഹം പറഞ്ഞു.
ബോളിവുഡില്‍ മാഫിയ നിലനില്ക്കുന്നുവെന്ന്് പറയുന്നത് ചിലരുടെ ഭാവനാസൃഷ്ടികളാണെന്നും ഷാ പറഞ്ഞു.’മാഫിയ ഇല്ല. എന്റെ ജോലിയില്‍ എനിക്ക് ഒരു തടസ്സവും അനുഭവപ്പെട്ടിട്ടില്ല. എന്റെ തൊഴിലില്‍ കഴിഞ്ഞ 40-45 വര്‍ഷമായി ഞാന്‍ വളരെ മന്ദഗതിയിലാണ്, പക്ഷേ ഞാന്‍ അര്‍ഹമായ സ്ഥലത്തേക്ക് പോകുന്നത് തടയുന്ന ചില തടസ്സങ്ങളുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, ”അദ്ദേഹം പറഞ്ഞു.