തൃശൂർ: ഭർത്താവിനേയും ആറുവയസുള്ള മകനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനും മകനും ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നു തൃശൂർ കുടുംബകോടതി ഉത്തരവിട്ടു. യുവതിയുടെ ഭർത്താവ് തിരുവാണിക്കാവ് സ്വദേശികളായ അറയ്ക്കവീട്ടിൽ നവാസ്, മകൻ ആറുവയസുള്ള ഫഹദ് സിയാൻ, ഭർതൃപിതാവ് സിദ്ദിഖ് എന്നിവർ ഫയൽ ചെയ്ത കേസിലാണു വിധി.
നവാസിന്റെ ഭാര്യ പറവൂർ ചെറായി സ്വദേശി പെരേപ്പറന്പിൽ അബ്ദുൾ ജലീലിന്റെ മകൾ അനീഷ 2016 ലെ വാലന്റൈൻസ് ദിനത്തിലാണ് കാമുകൻ കട്ടിളപ്പൂവം സ്വദേശി നിവിൻ എം. ജോസിനൊപ്പം സ്ഥലംവിട്ടത്. ഇതേത്തുടർന്നു പോലീസിൽ പരാതി നൽകി. പിന്നീടു പോലീസ് സ്റ്റേഷനിൽ ഹാജരായി. കേസായപ്പോൾ അനീഷ സുഹൃത്തായ നിവിൻ എം. ജോസിന്റെ സഹായത്തോടെ ലേഡീസ് ഹോസ്റ്റലിലാണു താമസിക്കുന്നതെന്നു കോടതിയിൽ അറിയിച്ചു.
സ്വന്തം വീട്ടിലേക്കു പോകാതെ സുഹൃത്തിനൊപ്പം പോയതു സാധൂകരിക്കാനാവില്ലെന്നു ഭർത്താവിന്റ വീട്ടുകാർ വാദിച്ചു. പിന്നീട് യുവതി യുവാവിനെ വിവാഹം ചെയ്തതായും കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ജഡ്ജി അനന്തകൃഷ്ണ നവാട നഷ്ടപരിഹാരം നല്കാൻ വിധിച്ചത്.