ഗാന്ധിനഗർ: ചികിത്സ തേടിയെത്തിയ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി മുന്പും സമാന കേസിൽ പ്രതിയെന്ന ആരോപണം ആശുപത്രി അധികൃതരെ വെട്ടിലാക്കുന്നു.
വൈക്കം ഉദയനാപുരം ഇത്തിപ്പുഴ താഴത്തുതറ നാരായണനെ (53) ആണ് സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
നഴ്സിംഗ് അസിസ്റ്റന്റായ ഇയാളെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു വർഷം മുന്പാണ് മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരേ പരാതി ഉയർന്നത്.
അന്ന് ബാഹ്യ ഇടപെടൽ നടന്നെന്നും പ്രമുഖർ ഇയാൾക്കു വേണ്ടി രംഗത്തു വന്നതോടെ വഴിവിട്ട രീതിയിൽ സഹായിച്ച് കേസ് ഒതുക്കി തീർക്കുക ആയിരുന്നെന്നും ആരോപണം ഉയരുന്നു.
മുന്പ് ഇതേ ആശുപത്രിയിൽ പീഡന ശ്രമത്തിൽ പ്രതിയായ നാരായണനെ വീണ്ടും സ്ത്രീകളടക്കം ചികിത്സയ്ക്കെത്തുന്നിടത്തു ജോലിയ്ക്കു നിയമിച്ചതാണ് ആശുപത്രി അധികൃതരെ ഇപ്പോൾ പ്രശ്നത്തിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ 21 നാണ് പുതിയ കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കെത്തിയ ചേർത്തല കയ്പ്പമംഗലം സ്വദേശിനിയായ 44 കാരിയെ ചികിത്സാ മുറിയിൽ പ്രവേശിപ്പിച്ചപ്പോൾ നാരായണൻ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഗാന്ധിനഗർ എസ് എച്ച്ഒ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.