തമിഴ്നാട് രാഷ്ട്രീയം പോലെ നാടകീയത നിറഞ്ഞ മറ്റൊരു രാഷ്ട്രയ മേഖലയും രാജ്യത്തില്ല എന്നുതന്നെ വേണം പറയാന്‍. അത് പക്ഷേ കഴിഞ്ഞു എന്നും പറയേണ്ടി വരും. കാരണം ജയലളിതയുടെ ഭരണകാലത്തായിരുന്നു ആ നാടകീയതയ്ക്ക് കരുത്ത് കൂടുതല്‍. മന്നാര്‍കുടി കുടുംബത്തിന്റെ കടന്നുവരവും അധികാരമേറ്റെടുക്കലും സ്ഥാനമുപ്പിക്കലുമെല്ലാം ആകാംക്ഷയോടെയാണ് ആളുകള്‍ നോക്കികണ്ടത്. ജയലളിതയുടെ ഉറ്റതോഴിയായിരുന്ന ശശികലയുടെ ഭര്‍ത്താവ് മറുതപ്പ നടരാജന് എന്ന എം നടരാജന് അന്തരിച്ച വേളയില്‍ അക്കാലത്തേക്ക് ഒന്ന് മടങ്ങിപ്പോവുകയാണ് തമിഴ്നാട് രാഷ്ട്രീയത്തെ താത്പര്യത്തോടെ വീക്ഷിച്ചിരുന്ന ഒരു ജനത.
തമിഴകത്തെ ഏറ്റവും പ്രബല കുടുംബങ്ങളിലൊന്നായി മന്നാര്‍കുടി കുടുംബം വളര്‍ന്നതിനു പിന്നില്‍ നടരാജന്റെ കൗശലവും ബുദ്ധിയുമുണ്ടായിരുന്നു. ചെറിയൊരു വീഡിയോ കടയുമായി ചെന്നൈയില്‍ കാലം കഴിച്ചിരുന്ന ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തിയത് മുന്‍ ഐഎഎസ് ഓഫീസര്‍ ചന്ദ്രലേഖയായിരുന്നു. ചന്ദ്രലേഖയുടെ ഓഫീസില്‍ പിആര്‍ഒ ആയിരുന്ന നടരാജനാണ് ഭാര്യ ശശികലയെ ചന്ദ്രലേഖയ്ക്ക് പരിചയപ്പെടുത്തിയത്. അങ്ങനെയാണ് എഐഎഡിഎംകെയുടെ പ്രചാരണവിഭാഗം സെക്രട്ടറിയിയിരുന്ന ജയലളിതയുടെ പാര്‍ട്ടി പരിപാടികളുടെ വീഡിയോ എടുക്കാന്‍ ശശികല നിയോഗിക്കപ്പെട്ടതും പിന്നീട് ഇരുവരും സുഹൃത്തുക്കളായതും. ചരിത്രമായി മാറിയ ആ സൗഹൃദത്തിന് കാരണക്കാരനായത് നടരാജനായിരുന്നു എന്ന് ചുരുക്കം.
എം ജി ആറിന്റെ മരണശേഷം ഒറ്റപ്പെട്ട ജയലളിതയ്ക്ക് താങ്ങും തണലുമായത് മന്നാര്‍കുടി കുടംബമായിരുന്നു. പക്ഷേ, ജയലളിതയെ മനസ്സിലാക്കുന്നതില്‍ നടരാജന് തെറ്റി. ഒരാളും തന്നെ നിയന്ത്രിക്കുന്നത് ജയലളിതയ്ക്ക് സഹിക്കാനാവുമായിരുന്നില്ല.
എഐഎഡിഎംകെയില്‍ കാര്യങ്ങള്‍ താനാണ് നിശ്ചയിക്കുന്നതെന്ന നടരാജന്റെ അവകാശവാദങ്ങള്‍ ജയലളിതയെ പ്രകോപിപ്പിച്ചു.
ശശികലയെ കൂടെ നിര്‍ത്തിയപ്പോള്‍ തന്നെ അവരുടെ ഭര്‍ത്താവ് നടരാജനെ പോയസ്ഗാര്‍ഡനിലെ വീട്ടില്‍ നിന്നും ജയലളിത പുറത്താക്കിയത് ഈ സാഹചര്യത്തിലാണ്. പോയസ്ഗാര്‍ഡനില്‍ നിന്നും പുറത്തായെങ്കിലും മണ്ണാര്‍കുടി കുടുംബത്തിന്റെ നെടും തൂണായി നടരാജന് തുടര്‍ന്നു.
ശശികലയൊഴികെ വേറെയാരെയും അവര്‍ വിശ്വാസത്തിലെടുത്തിരുന്നില്ല. ജയലളിതയുടെ ഈ സ്വഭാവസവിശേഷത മുതലെടുത്താണ് നടരാജനും മന്നാര്‍കുടി കുടുംബവും കരുക്കള്‍ നീക്കിയത്. എന്നാല്‍ ജയലളിതയുടെ കര്‍ക്കശ്യത്തിന് മുന്നില്‍ പലയിടത്തും പിഴച്ചു.
2016 ഡിസംബര്‍ അഞ്ചിന് ജയലളിതയുടെ മരണശേഷമാണ് നടരാജന് വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ജയലളിതയുടെ സംസ്കാരച്ചടങ്ങില്‍ നടരാജന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ പ്രധാനമന്ത്രി മോദി അനുശോചനമറിയിച്ച ചുരുക്കം ചിലരിലൊരാള്‍ നടരാജനായിരുന്നു.
നടരാജനായിരിക്കും ഇനിയങ്ങോട്ട് എഐഎഡിഎംകെയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുകയെന്ന ബിജെപി നേതൃത്വത്തിന്റെ തോന്നലിന്റെ ഫലമായിരുന്നു അത്. എങ്കിലും പ്രതീക്ഷകളും സ്വപ്നങ്ങളും പലയിടത്തും പാളി. ഏതായാലും ശശികലയുടെ മരുമകന് ടിടിവി ദിനകരന് ആര് കെ നഗര്‍ പിടിക്കുന്നതും പുതിയ പാര്‍ട്ടി തുടങ്ങുന്നതും കണ്ടുകൊണ്ടാണ് നടരാജന് യാത്രയാവുന്നത്.