മൂവാറ്റുപുഴ: ദേശീയഗാനത്തോട് അനാദരവു കാണിച്ച കോളജ് വിദ്യാർഥിക്കെതിരേ പോലീസ് കേസെടുത്തു. നിർമല കോളജ് ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അവസാന വർഷ വിദ്യാർഥിയും എസ്എഫ്ഐ മുൻ ഭാരവാഹിയുമായ അസ്ലം കെ.സലിമിനെതിരെയാണ് മാധ്യമവാർത്തകളെ തുടർന്നു പോലീസ് കേസെടുത്തത്.
അസ്ലം ദേശീയഗാനത്തോട് അനാദരവ് കാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കോളജിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ അസ്ലം ചേഷ്ഠകൾ കാണിക്കുന്ന ദൃശ്യങ്ങൾ സഹപാഠികളിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
ഈ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഇതേതുടർന്നു കോളജിൽ നിന്ന് കഴിഞ്ഞ ദിവസം അസ്ലമിനെ സസ്പെൻഡ് ചെയ്തിരുന്നു. ദേശീയ ഗാനത്തെയും, രാജ്യത്തെയും അപമാനിച്ച എസ്എഫ്ഐ നേതാവിനെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത് ഭരണസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി റംഷാദ് റഫീക്ക് കുറ്റപ്പെടുത്തി.