ന്യൂഡൽഹി: മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരങ്ങൾ മലയാള താരങ്ങളിൽനിന്നു വഴുതിപ്പോയത് ചെറുവിരൽ അകലത്തിൽ. മികച്ച നടൻ വിഭാഗത്തിൽ ഇന്ദ്രൻസ്(ആളൊരുക്കം), മികച്ച നടിക്കുള്ള വിഭാഗത്തിൽ പാർവതി(ടേക്ക് ഓഫ്) എന്നിവർക്കാണ് പുരസ്കാരം നഷ്ടപ്പെട്ടത്.
ദേശീയ പുരസ്കാര ജൂറി ചെയർമാൻ ശേഖർ കപൂർ ഇക്കാര്യം പറയുകയും ചെയ്തു. ആളൊരുക്കത്തിലെ ഇന്ദ്രൻസിന്റെ പ്രകടനം മനോഹരമായിരുന്നെന്ന് ശേഖർ കപൂർ പറഞ്ഞു. മികച്ച നടിക്കുള്ള പുരസ്കാര പോരാട്ടത്തിൽ പാർവതി അവസാനം വരെ ഒപ്പമുണ്ടായിരുന്നെന്നും മനോഹരമായ പ്രകടനമാണ് അവർ കാഴ്ചവച്ചതെന്നും ജൂറി വിലയിരുത്തി. അന്തരിച്ച നടി ശ്രീദേവി(മോം)യുമായി പോരാടിയാണ് പാർവതി പിന്തള്ളപ്പെട്ടത്.
അതേസമയം, ടേക്ക് ഓഫിനും ചിത്രത്തിലെ പാർവതിയുടെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ആളൊരുക്കം സാമൂഹ്യപ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള നേട്ടം സ്വന്തമാക്കി. നേരത്തെ, ഇന്ദ്രൻസും പാർവതിയും മികച്ച നടനും നടിക്കുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.