ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങിയ മലയാള സിനിമാലോകം. അകാലത്തിൽ അന്തരിച്ച സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചതാണ് ഏറ്റവും ശ്രദ്ധേയം. “അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിനാണ് സച്ചിക്ക് പുരസ്കാരം ലഭിച്ചത്.
ഇതേ ചിത്രത്തിലെ അഭിനയത്തിന് ബിജുമേനോൻ മികച്ച സഹനടനുള്ള പുരസ്കാരവും ചിത്രത്തിലെ ടൈറ്റിൽ ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
അയ്യപ്പനും കോശിക്കും വേണ്ടി സംഘട്ടനം ഒരുക്കിയ മാഫിയ ശശി, രാജശേഖർ, സുപ്രീം സുന്ദർ എന്നിവർക്കാണ് മികച്ച ആക്ഷൻ കൊറിയോഗ്രാഫർക്കുള്ള പുരസ്കാരം.
“സൂരറൈപോട്ര്’ എന്ന തമിഴ് ചിത്രത്തിലൂടെ യുവനടി അപർണ ബാലമുരളി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതും മലയാളത്തിന് അഭിമാനമായി.
മികച്ച മലയാളം ചിത്രമായി “തിങ്കളാഴ്ച നല്ല ദിവസം’ തെരഞ്ഞെടുക്കപ്പെട്ടു. പ്രസന്ന സത്യനാഥ് ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയ്തത്.
മികച്ച പ്രൊഡക്ഷൻ ഡിസൈനിംഗിനുള്ള പുരസ്കാരം “കപ്പേള’ എന്ന ചിത്രം സ്വന്തമാക്കി. അനീഷ് നാടോടിക്കാണ് പുരസ്കാരം. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം “മാലിക്ക്’ എന്ന ചിത്രത്തിലൂടെ വിഷ്ണു ഗോവിന്ദ് സ്വന്തമാക്കി.
സംവിധായകൻ വി.കെ.പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ഒരുക്കിയ “വാങ്ക്’ എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.