ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ചിന് ദേശയ മീഡിയ സെന്ററിൽ വച്ച് വാർത്ത വിനിമയ മന്ത്രി അനുരാഗ് ഠാക്കൂറാണ് അവാർഡുകൾ പ്രഖ്യാപിക്കുക. 2021ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്.
രാവിലെ 11-ന് ചലച്ചിത്രജൂറി അവാർഡ് സംബന്ധിച്ച പട്ടിക മന്ത്രിക്ക് കൈമാറും. മികച്ച സിനിമയുടെ പട്ടികയിൽ മലയാളത്തിൽ നിന്നും മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് എന്ന ചിത്രം പരിഗണിക്കുന്നുണ്ട്.
സാങ്കേതിക മികവുള്ള ചിത്രം എന്ന പുരസ്കാരത്തിന് ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയും മലയാളത്തിലെ മികച്ച ചിത്രം എന്ന പട്ടികയിൽ വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാനും അന്തിമപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
മികച്ച നടനുള്ള അന്തിമ പട്ടികയിൽ മലയാളത്തിൽ നിന്നും ജോജു ജോർജും ബിജു മേനോനും ഇടം നേടിയിട്ടുണ്ടെന്നാണ് വിവരം.
മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും, കങ്കണ റണൗട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന. ഗംഗുഭായ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയ ഭട്ടിനെ പരിഗണിക്കുന്നത്. തലൈവി എന്ന ചിത്രത്തിലെ പ്രകടനമാണ് കങ്കണ റണൗട്ടിന് സാധ്യത നല്‍കുന്നത്.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍ആര്‍ആറിന് സംഗീതം ഒരുക്കിയ എം.എം. കീരവാണി ആയിരിക്കും മികച്ച സംഗീത സംവിധായകൻ എന്നാണ് സൂചന.