ന്യൂഡൽഹി: 2019 വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമേ രണ്ടു പുരസ്കാരങ്ങൾ കൂടി ചിത്രം നേടി.
വസ്ത്രാലങ്കാരം, സ്പെഷൽ ഇഫക്ട്സ് എന്നീ വിഭാഗങ്ങിലാണ് ചിത്രം പുരസ്കാരം നേടിയത്. വസ്ത്രാലങ്കാരത്തിന് സുജിത് സുധാകറും സ്പെഷൽ ഇഫക്ട്സിന് പ്രിയദർശന്റെ മകൻ സിദ്ധാർഥും അവാർഡിന് അർഹരായി.
അസുരനിലെ അഭിനയത്തിന് ധനുഷും ബോസ്ലെയിലെ അഭിനയത്തിന് മനോജ് ബാജ്പേയും മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു. പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്കാരം നേടി.
ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറാണ് മികച്ച നവാഗത സംവിധായകൻ. ഇതേചിത്രത്തിന് ചമയം നിർവഹിച്ച രഞ്ജിത്ത് മികച്ച മേക്കപ്പ്മാനായി.
ജെല്ലിക്കെട്ടിന് ദൃശ്യങ്ങൾ ഒരുക്കിയ ഗിരീഷ് ഗംഗാധരന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിച്ചു. കോളാമ്പി എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയ പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി.
രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനേട്ടം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി ഉൾപ്പടെ അഞ്ച് ചിത്രങ്ങൾക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.
വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം അസുരൻ മികച്ച തമിഴ് ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.