കായികതാരങ്ങളോട് കാണിക്കുന്ന വിവേചനത്തിന് മറ്റൊരു ഉദാഹരണം! അറിയാം അക്ഷയ് മാരെ എന്ന ബോക്‌സിംഗ് താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്

ദേശീയ തലത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ പി യു ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു എന്നതാണ് ഇപ്പോള്‍ കായിക പ്രേമികളെ, പ്രത്യേകിച്ച് മലയാളികളെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം. കായിക താരങ്ങളുടെമേല്‍ രാഷ്ട്രം കാണിക്കുന്ന യൂസ് ആന്‍ഡ് ത്രോ മനോഭാവത്തെ വെളിച്ചത്തുകൊണ്ടുവരുന്ന മറ്റൊരു ഉദാഹരണമാണ് പൂനെയില്‍ നിന്ന് പുറത്തുവരുന്നത്.

പൂനെയിലെ ദത്താവാദി പ്രദേശവാസികള്‍ക്ക് അറിയില്ല, തങ്ങള്‍ക്ക് ദിവസവും പത്രം വിതരണം ചെയ്യുന്ന പയ്യന്‍ ദേശീയ കായിക താരമാണെന്നുള്ളത്. ഇരുപത്തിരണ്ടുകാരനായ അക്ഷയ് മാരെയാണ് ബോക്‌സിംഗില്‍ ദേശീയ തലത്തില്‍ വെങ്കല മെഡല്‍ നേടിയ താരം. ജീവിക്കാനായി പത്രം വില്‍ക്കുന്ന അക്ഷയുടെ കഥ ദേശീയ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ദാരിദ്രത്തോട് പടവെട്ടിയാണ് ദേശീയ തലത്തില്‍ ഒരു വെങ്കല മെഡലും സംസ്ഥാന തലത്തില്‍ നാല് സ്വര്‍ണ്ണ മെഡലുകളും അക്ഷയ് സ്വന്തമാക്കിയത്. എന്നാല്‍, ബോക്സിംഗില്‍ തുടര്‍ പരിശീലനം നല്‍കാനോ ജോലി നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതുമൂലം പത്രവില്‍പനയിലൂടെയാണ് അന്നന്നത്തെ ആഹാരത്തിനുള്ള വക അക്ഷയ് കണ്ടെത്തുന്നത്.

ഒറ്റമുറിയില്‍ താമസിക്കുന്ന അക്ഷയുടെ ഒരു ദിവസം അതികാലത്ത് തുടങ്ങുന്നതാണ്. നാലുകിലോമീറ്റര്‍ അകലെ ന്യൂസ് പേപ്പറെത്തുന്ന അപ്പാ ബല്‍വന്ത് ചൗക്കിലെത്തി പത്രങ്ങളെടുത്ത് തന്റെ പ്രദേശത്ത് വിതരണം ചെയ്യുകയാണ് അക്ഷയ്. കഴിഞ്ഞ എട്ടുവര്‍ഷമായി അക്ഷയ് ഈ ജോലി ചെയ്യുന്നു. അക്ഷയുടെ സഹോദരന്‍ വിശാല്‍ പാല്‍ വില്‍പനക്കാരനാണ്. ചേരി പ്രദേശത്ത് താമസിക്കുന്ന ഇവരുടെ ജീവിതം ഏറ്റവും മോശമായ സ്ഥിതിയിലാണുള്ളത്. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് അക്ഷയ് വെങ്കലമെഡല്‍ നേടുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ ബോംബെ എഞ്ചിനീറിംഗ് ഗ്രൂപ്പില്‍ റിക്രൂട്ട്മെന്റിനായാണ് ഇപ്പോള്‍ അക്ഷയുടെ ശ്രമം. അവിടെ കിട്ടിക്കഴിഞ്ഞാല്‍ തന്റെ ബോക്സിംഗ് ജീവിതം മാറുമെന്നാണ് ഈ യുവതാരത്തിന്റെ പ്രതീക്ഷ. അങ്ങനെയാണങ്കെില്‍ പത്രവില്‍പനയില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും അക്ഷയ് കരുതുന്നു.

 

Related posts