ജിജി ലൂക്കോസ്
എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വത്ത് 142 ശതമാനം വരെ വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. 2009ല്‍ എംപിമാരായിരുന്നവര് 2014ല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ സത്യവാങ്മൂലം അടിസ്ഥാനമാക്കി നാഷണല്‍ ഇലക്ഷന് വാച്ചും അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസും തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ, ബിജെഡി അംഗം പിനാക്കി മിശ്ര, എന്‍സിപി നേതാവ് സുപ്രിയ സുലെ എന്നിവരുടെ സ്വത്ത് ഗണ്യമായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബിഹാറിലെ പാറ്റ്ന സാഹിബില്‍നിന്നുള്ള എംപി ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് 2009ല്‍ നല്കിയ കണക്കുകള്‍ പ്രകാരം 15 കോടിയുടെ ആസ്തിയാണുണ്ടായിരുന്നത്. ഇത് 2014ല്‍ 131 കോടിയായി ഉയര്‍ന്നു. 778 ശതമാനത്തിന്റെ വര്‍ധനവ്. തൊട്ടുപിന്നിലുള്ള പിനാക്കി മിശ്രയുടെ സ്വത്ത് 362 ശതമാനമാണ് വര്‍ധിച്ചത് (2009ല്‍ 29 കോടി, 2014ല്‍ 137 കോടി). 51 കോടി ഉണ്ടായിരുന്ന സുപ്രിയ സുലെയുടെ സ്വത്ത് 113 കോടിയായി. 121 ശതമാനത്തിന്റെ വര്‍ധനവ്.
ഗുജറാത്തില്‍ നിന്നുള്ള പാട്ടീല്‍ ചന്ദ്രകാന്ത് രഘുനാഥ് (208 ശതമാനം), മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതാപസിന്ഹ ഭോന്‍സലെ (417 ശതമാനം), കേന്ദ്രമന്ത്രി ഹര്‍സിമ്രാത് കൗര്‍ ബാദല്‍ (79 ശതമാനം) തുടങ്ങിയവരും പ്രഖ്യാപിത സ്വത്തു വിവര പ്രകാരം ആദ്യ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഇത്തരത്തില്‍ 153 എംപിമാരുടെ സ്വത്തു വിവരങ്ങളാണ് പഠനത്തിനു വിധേയമാക്കിയത്.
സ്വത്ത് വര്ധനവിലുള്ള ശതമാന കണക്ക് പ്രകാരം പൊന്നാനിയില്‍ നിന്നുള്ള എംപി ഇ.ടി. മുഹമ്മദ് ബഷീറിന്റേതാണ് മുമ്പില്‍. 2081 ശതമാനം. 2009ലെ കണക്ക് പ്രകാരം ആറ് ലക്ഷമുണ്ടായിരുന്നത് 1.32 കോടിയായി വര്‍ധിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റേത് 702 ശതമാനമാണ് വര്‍ധിച്ചത് (16 ലക്ഷത്തില്‍ നിന്ന് 1.32 കോടിയായി).
കെ.സി. വേണുഗോപാലിന്റെ സ്വത്ത് 264 ശതമാനം ഉയര്‍ന്നു (35 ലക്ഷത്തില്‍ നിന്ന് 1.28 കോടിയായി). എ. സമ്പത്തിന്റെ ആസ്തി ഉയര്‍ന്നത് 98 ശതമാനം (87 ലക്ഷത്തില്‍നിന്ന് 1.77 കോടി). മുല്ലപ്പള്ളി രാമചന്ദ്രന്റേത് 178 ശതമാനം (33 ലക്ഷത്തില്‍നിന്ന് 92 ലക്ഷമായി), എം.കെ. രാഘവന്റേത് 337 ശതമാനം (14 ലക്ഷത്തില്‍നിന്ന് 61 ലക്ഷം), ആന്റോ ആന്റണിയുടേത് 280 ശതമാനം (14 ലക്ഷത്തില്‍ നിന്ന് 54 ലക്ഷം), എം.ബി. രാജേഷിന്റേത് 323 ശതമാനം (11 ലക്ഷത്തില്‍ നിന്ന് 46 ലക്ഷം), പി.കെ. ബിജുവിന്റേത് 601 ശതമാനം (നാല് ലക്ഷത്തില്‍ നിന്ന് 32 ലക്ഷം), ശശി തരൂരിന്റേത് എട്ട് ശതമാനം (21 കോടിയില്‍ നിന്ന് 23 കോടി) ഇങ്ങനെ പോകുന്നു കേരള എംപിമാരുടെ പട്ടിക.
2009ലെ അപേക്ഷിച്ച് 2014ല്‍ സ്വത്ത് കുറഞ്ഞവരുമുണ്ട് പട്ടികയില്‍. കേരളത്തില്‍ നിന്നു പി. കരുണാകരനാണ് ഇക്കൂട്ടത്തില്‍ മുന്നില്‍ 67 ശതമാനമാണ് കുറഞ്ഞത് (1.78 കോടിയില്‍നിന്നു 59 ലക്ഷമായി കുറഞ്ഞു. പ്രഫ. കെ.വി. തോമസിന്റേത് 21 ശതമാനമാണ് കുറഞ്ഞത് (1.5 കോടിയില്‍ നിന്ന് 1.18 കോടിയായി). കോടിപതികളും കോടികള്‍ ഇരട്ടിയാകുന്നതുമായ എംപികള്‍ കൂടുതലുള്ള പാര്‍ട്ടികളില്‍ മുമ്പിലുള്ളത് ബിജെപിയാണ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി എന്നി പാര്‍ട്ടികള്‍ തൊട്ടുപിന്നിലുണ്ട്.