ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2002, ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയർത്തുന്നതും ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതും. 2002ലെ ഫ്ളാഗ് കോഡിൽ 2021 ഡിസംബർ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു.
കോട്ടണ്‍/ പോളിസ്റ്റർ/കന്പിളി/ഖാദിസിൽക്ക് എന്നീ തുണികളിൽ കൈത്തറി, നെയ്ത്ത്, മെഷീൻ എന്നിവ ഉപയോഗിച്ച് ദേശീയ പതാക നിർമിക്കാം.
പുതിയ ഭേദഗതി അനുസരിച്ച് പൊതുസ്ഥലത്തോ വീട്ടിലോ ഉയർത്തുന്ന പതാക രാത്രിയും പകലും പാറിക്കാം.
ദീർഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതു വലുപ്പത്തിലുമാകാം, എന്നാൽ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
വേറിട്ടുനിൽക്കുന്നനിലയിൽ ആദരവോടെയേ ദേശീയ പതാക പ്രദർശിപ്പിക്കാവൂ.
കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദർശിപ്പിക്കാൻ പാടില്ല
തലകീഴായി ദേശീയ പതാക പ്രദർശിപ്പിക്കാൻ പാടില്ല
ഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നിൽ പതാക താഴ്ത്തിപ്രദർശിപ്പിക്കരുത്.
ദേശീയ പതാകയേക്കാൾ ഉയരത്തിലോ, അരികുചേർന്നോ മറ്റു പതാകയോ കൊടിയോ സ്ഥാപിക്കരുത്. പതാക പറക്കുന്ന കൊടിമരത്തിലോ അതിനു മുകളിലോ പൂക്കളോ, പുഷ്പചക്രങ്ങളോ, ചിഹ്നങ്ങളോ അടക്കമുള്ള ഒരു വസ്തുവും സ്ഥാപിക്കരുത്.
തോരണമായോ കൊടികളായോ മറ്റ് അലങ്കാരത്തിനുള്ള വസ്തുക്കൾ ആയോ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല.
ദേശീയപതാക തറയിലോ നിലത്തോ സ്പർശിക്കാനോ വെള്ളത്തിലിഴയാനോ പാടില്ല.
ദേശീയപതാകയ്ക്കു കേടുവരുന്ന രീതിയിൽ പ്രദർശിപ്പിക്കാനോ കെട്ടാനോ പാടില്ല.
ദേശീയ പതാക കെട്ടുന്ന കൊടിമരത്തിൽ മറ്റു പതാകകൾ കെട്ടാൻ പാടില്ല.
ദേശീയ പതാകയിൽ ഒരു തരത്തിലുമുള്ള എഴുത്തുകളും പാടില്ല.