തളിപ്പറമ്പ്: ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ മുഴുവന്‍ മണ്ഡലം സെക്രട്ടറി മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയത് കൊണ്ട് മാത്രം നേതാക്കള്‍ ദേശീയപതാകയെ അപമാനിച്ചുവെന്ന ആരോപണത്തില്‍ നിന്നും പോലീസ് കേസില്‍ നിന്നും രക്ഷപ്പെട്ടു. തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ ഉയര്‍ത്തിയ ദേശീയപതാകയുടെ ചരട് പൊട്ടിയത് ചില കുബുദ്ധികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് സംഭവത്തെ വിവാദമാക്കിയത്.
ഇന്നലെ രാവിലെ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചിരുന്നു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയശേഷം ഉച്ചയോടെയാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ദേശീയപതാക തലതിരിച്ചുകെട്ടിയതായി ഫോട്ടോയും വാര്‍ത്തയും വന്നത്.
ഇത് ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗവും നാട്ടുകാരുമെല്ലാം കോണ്‍ഗ്രസ് മന്ദിരത്തിന്റെ പരിസരത്തെത്തി. പതാക തലതിരിഞ്ഞുകിടക്കുന്നത് കണ്ടതോടെ സംഭവം വിവാദമായി. ദേശീയപതാകയെ അപമാനിച്ചതിന് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പരിഭ്രാന്തിയിലായി.
എന്നാല്‍ പതാക ശരിയായിട്ടാണ് ഉയര്‍ത്തിയതെന്നും ചരട് പൊട്ടിയതാണെന്നും ചടങ്ങ് മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയും ഫോട്ടോഗ്രാഫറുമായ കെ.രഞ്ജിത്ത് വീഡിയോയുടെ സിഡി സഹിതം പോലീസിന് മുന്നില്‍ ഹാജരാക്കി വ്യക്തമാക്കിയതോടെയാണ് വിവാദം അവസാനിച്ചതും നേതാക്കള്‍ക്കും പോലീസിനും ആശ്വാസമായതും.