ഡെറാഡൂണ്‍: അവഗണിച്ചവർക്കുത്തരമായി ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി മത്സരിച്ച ടീമുകൾ സ്വർണവും വെള്ളിയും കരസ്ഥമാക്കി. വനിതാ ടീം സ്വർണം നേടിയപ്പോൾ എതിരാളികളെ വിറപ്പിച്ച പുരുഷ ടീം വെള്ളിയിൽ പോരാട്ടം അവസാനിപ്പിച്ചു.
വനിതാ ഫൈനലിൽ തമിഴ്നാടിനെ കേരളം തറപറ്റിച്ചു. സ്കോർ: 25-19, 22-25, 22-25, 25-14, 15-7. പുരുഷന്മാരുടെ ഫൈനലിൽ ആദ്യ രണ്ട് സെറ്റുകൾ എതിരാളികളായ സർവീസസ് നേടിയപ്പോൾ മൂന്നാം സെറ്റിലൂടെ കേരളം സ്വർണ പ്രതീക്ഷ നിലനിർത്തി. നാലാം സെറ്റിനായി പൊരുതിയെങ്കിലും അവസാന നിമിഷങ്ങളിലെ ചില പാളിച്ചകൾ തിരിച്ചടിയാകുകയായിരുന്നു. സ്കോർ: 20-25, 22-25, 25-19, 28-26.
ഗൂജറാത്ത് ഗെയിംസിൽ പുരുഷ, വനിതാ ടീമുകൾ സ്വർണം നേടിയശേഷം ഇത്തവണയാണ് കേരളം ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നത്. തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ഗോവ ദേശീയ ഗെയിംസിൽ കേരള ടീമുകൾക്കു പങ്കെടുക്കാനായില്ല.
സ്പോർട്സ് കൗണ്‍സിലും കേരള ഒളിന്പ്കിസ് അസോസിയേഷനും തമ്മിലുണ്ടായ തർക്കത്തിൽ ഇത്തവണയും ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന വക്കിൽനിന്ന് ഹൈക്കോടതി ഉത്തരവിലൂടെയാണ് ടീമുകൾ ഉത്തരാഖണ്ഡിലേക്കു വിമാനം കയറിയത്.
മെഡൽ കിലുക്കം
ഇന്നലെ നാലു മെഡൽ കേരളം സ്വന്തമാക്കി. വോളിക്കു പുറമേ 5×5 വനിതാ ബാസ്കറ്റ്ബോളിലും കേരളത്തിന്റെ അക്കൗണ്ടിൽ വെള്ളിയെത്തി. ഫൈനലിൽ തമിഴ്നാടിനോട് 79-46നു കേരളം പരാജയപ്പെട്ടു. ഭാരോദ്വഹനത്തിൽ വനിതകളുടെ 81 കിലോ ഗ്രാം വിഭാഗത്തിൽ അഞ്ജന ശ്രീജിത്ത് വെങ്കലം നേടി.
ഉറച്ച സ്വർണ പ്രതീക്ഷയായിരുന്ന 50 മീറ്റർ ബട്ടർഫൈയിൽ കേരളത്തിന്റെ സജൻ പ്രകാശിന് മെഡൽ നഷ്ടമായി. മൂന്നാം സ്ഥാനക്കാരനുമായി 0.01 വ്യത്യാസത്തിലാണ് സജന് വെങ്കല മെഡൽ നഷ്ടമായത്.ആറ് സ്വർണമാണ് ഇതുവരെ കേരളം നേടിയത്. മൂന്ന് വെള്ളിയും നാല് വെങ്കലവും അടക്കം 13 മെഡൽ നേട്ടവുമായി പട്ടികയിൽ 10-ാമതാണ് കേരളം.
അനിൽ തോമസ്