38-മത് ദേശീയ ഗെയിംസിൽ അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങൾ ഒട്ടുമിക്കവയും പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ ദേശീയ ഗെയിംസിലെ മെഡൽ നേട്ടം അതേപടി ആവർത്തിക്കാനായില്ലെങ്കിലും കടുത്ത തണുപ്പിനോടും പൊരുതി മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പരിശീലകർ അടക്കം വിലയിരുത്തുന്നു.
കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 21 വെങ്കലവുമായിരുന്നു ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിൽനിന്നു മാത്രം കേരളം നേടിയത്. ഇത്തവണ ഇതുവരെ ഒൻപതു സ്വർണവും ഒൻപതു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 24 മെഡലുകൾ നേടിക്കഴിഞ്ഞു.
വരും ദിവസങ്ങളിൽ ഉറച്ച മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളിൽ കേരളം മത്സരിക്കുന്നുണ്ട്.അക്വാട്ടിക്സിൽ സജൻ പ്രകാശിലൂടെയും ഹർഷിത ജയറാമിലൂടെയും നാലു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളം നേടിയത്.
ഗോവയിൽ ആറ് സ്വർണവും നാലു വെള്ളിയും മൂന്ന് വെങ്കലവും ഈ ഇനത്തിൽ കേരളം നേടിയിരുന്നു. റോവിംഗിൽ ഒരു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് ഇത്തവണത്തെ നേട്ടമെങ്കിൽ കഴിഞ്ഞ തവണ രണ്ടു ഗോൾഡും രണ്ടു വെങ്കലവും ഉണ്ടായിരുന്നു.
ബീച്ച് ഹാൻഡ്ബോളിൽ കഴിഞ്ഞ തവണയും ഇത്തവണയും കേരളത്തിന് വെള്ളിയാണ് മെഡൽ നേട്ടം. വോളിയിൽ കേരളത്തിന്റെ പുരുഷ ടീമിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വനിതകളാകട്ടെ സ്വർണം നേടി. ഗോവയിൽ വോളിബോളിൽ കേരളം പങ്കെടുത്തിരുന്നില്ല. ഗുജറാത്ത് ഗെയിംസിൽ പുരുഷ, വനിത ടീമുകൾ സ്വർണം നേടിയിരുന്നു.
ബാസ്കറ്റിൽ വെള്ളി
ബാസ്്കറ്റ്ബോളിൽ 5×5 ൽ വനിതകൾ വെള്ളി നേടിയപ്പോൾ കഴിഞ്ഞ തവണ സ്വർണമുണ്ടായിരുന്നു. 3×3 ഇനത്തിൽ പുരുഷ, വനിതാ ടീമുകൾ വെള്ളി നേടി. കഴിഞ്ഞ തവണ ഒന്നും ഇല്ലായിരുന്നു. ബീച്ച് വോളിയിൽ പുരുഷ, വനിതാ ടീമുകൾ ക്വാർട്ടറിൽ എത്തി. കഴിഞ്ഞ തവണ കേരളം പങ്കെടുത്തിരുന്നില്ല.
ഖോ ഖോയിൽ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ വെള്ളിയിൽ പുരുഷ ടീം തൃപ്തരായി. ചരിത്രത്തിൽ ആദ്യമായി ഷൂട്ടിംഗിൽ രണ്ടു ഇനങ്ങളിൽ ഒരു കേരള താരം ഫൈനലിൽ എത്തിയെങ്കിലും മെഡൽ നേടാനായില്ല. പുരുഷ, വനിതാ റഗ്ബി ടീം ഇത്തവണയും ക്വർട്ടറിലെത്തി. ഡ്യൂഅതലോണിൽ ആദ്യമായി കേരളം നാലാം സ്ഥാനത്ത് എത്തി എന്നത് വലിയ നേട്ടമാണ്.
വെയ്റ്റ്ലിഫ്റ്റിൽ ഒന്ന് വീതം സ്വർണവും വെള്ളിയും കേരളം നേടിയപ്പോൾ കഴിഞ്ഞ തവണ ഒരു വെങ്കലം മാത്രമായിരുന്നു കേരളത്തിന്റെ നേട്ടം. വുഷുവിൽ ഇത്തവണ കേരളത്തിന് സ്വർണമുണ്ട്. കഴിഞ്ഞ തവണ രണ്ടു വെള്ളിയും ഒരു വെങ്കലവുമായിരുന്നു. വാട്ടർപോളോയിൽ ഇത്തവണ ഒരു സ്വർണവും ഒരു വെങ്കലവും നേടിയപ്പോൾ ഗോവയിൽ ഒരു സ്വർണം മാത്രമായിരുന്നു സന്പാദ്യം.
ആർച്ചറിയിൽ നിരാശ
സൈക്ലിംഗ് വിഭാഗം റോഡ് ഇനത്തിൽ കേരളം നിരാശപ്പെടുത്തിയപ്പോൾ ട്രാക്കിൽ വെള്ളി നേടി. ഗോവയിൽ സൈക്ലിംഗിൽ ഒന്നും ഉണ്ടായിരുന്നില്ല. ആർച്ചറിയിൽ കഴിഞ്ഞ തവണ വെങ്കലമെങ്കിലും നേടിയെങ്കിൽ ഇത്തവണ നിരാശപ്പെടുത്തി.
സ്ക്വാഷിൽ കഴിഞ്ഞ തവണ ക്വാർട്ടറിൽ എത്തിയിരുന്നെങ്കിൽ ഇത്തവണ അതുപോലും ഉണ്ടായില്ല. ബാഡ്മിന്റനിൽ ഇത്തവണയും കഴിഞ്ഞ തവണയും നിരാശയായിരുന്നു.
മെഡൽ പ്രതീക്ഷ വിടാതെ
സ്വർണം ലക്ഷ്യമിട്ടു ഫുട്ബോളിൽ ഇന്ന് കേരളം ഫൈനലിൽ ഇറങ്ങുന്നുണ്ട്. ഗോവയിൽ വെള്ളിയായിരുന്നു ഫുട്ബോളിലെ കേരളത്തിന്റെ മെഡൽ നേട്ടം. കയാക്കിംഗ് മത്സര ഇനങ്ങളും തായ്ക്വേണ്ട മത്സരവും നടക്കുന്നു.
തായ്ക്വോണ്ടയിൽ കേരളം മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. നെറ്റ് ബോൾ, ടേബിൾ ടെന്നീസ് മത്സരങ്ങൾ ആരംഭിക്കാനിരിക്കുന്നു. രണ്ടിലും കേരളം മത്സരിക്കുന്നുണ്ട്. ജിംനാസ്റ്റിക്സ് ആണ് കേരളം പ്രതീക്ഷവയ്ക്കുന്ന മറ്റൊരു ഇനം. കുറഞ്ഞത് നാലു മെഡലെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. ഫെൻസിംഗിലും ജൂഡോയിലും മെഡൽ പ്രതീക്ഷയിലാണ്.
- ഡെറാഡൂണിൽനിന്ന് അനിൽ തോമസ്