38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി ആദ്യ സ്വർണം നേടാനായതിന്റെ സന്തോഷത്തിലാണ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഇരുപത്തിനാലുകാരി സുഫ്ന ജാസ്മിൻ. പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങളെ അതിജീവിച്ചാണ് സുഫ്ന മത്സരത്തിൽ പങ്കെടുത്തത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനായി ശരീരഭാരം രണ്ട് കിലോ കുറച്ചിരുന്നു. പക്ഷേ ഭാരം കുറച്ചുനിർത്താൻ ഉത്തരാഖണ്ഡിലെ തണുപ്പ് അനുവദിച്ചില്ല.
മത്സര തലേന്ന് മുതൽ ഭക്ഷണവും വെള്ളവും പൂർണമായും ഒഴിവാക്കി. എന്നിട്ടും മത്സരത്തിന് മുൻപ് ഭാരം അളന്നപ്പോൾ 150 ഗ്രാം കൂടിയതായി കണ്ടു. മുടി 20 സെന്റിമീറ്ററോളം വെട്ടിക്കളഞ്ഞാണ് 45 കിലോയിലെത്തിച്ചത്. ഭക്ഷണവും വെള്ളവും ഒഴിവാക്കിയതിന്റെ ക്ഷീണം ശരീരത്തെ വല്ലാതെ ബാധിച്ചിരുന്നു. അതിനാൽ പ്രതീക്ഷിച്ച നിലയിൽ പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്ന് സഫ്ന പറഞ്ഞു.
ഒക്ടോബറിൽ നടന്ന ദേശീയ സീനിയർ വെയ്റ്റ്ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ 169 കിലോ ഉയർത്തിയതാണ് സുഫ്നയുടെ മികച്ച പ്രകടനം. ദേശീയ റിക്കാർഡ് തിരുത്തിയ പ്രകടനമായിരുന്നു അത്. മാത്രമല്ല രാജ്യത്തെ മികച്ച വെയ്റ്റ്ലിഫ്റ്റർ എന്ന അംഗീകാരവും സുഫ്നയെ തേടിയെത്തി.
രണ്ട് വർഷമായി സ്പോർട്സ് കൗണ്സിലിന്റെ കോച്ച് ചിത്ര ചന്ദ്രമോഹന്റെ ശിക്ഷണത്തിലാണ് പരിശീലനം. ദേശീയ ഗെയിംസിൽ ലഭിച്ച സ്വർണം കോച്ചിന് സമർപ്പിക്കുന്നതായും സുഫ്ന പറഞ്ഞു.
ഇരിങ്ങാലക്കുട പരവരഗത്ത് വീട്ടിൽ സലീം ആണ് പിതാവ്. ഖദീജയാണ് മാതാവ്. തസ്ലീമ നസ്റിൻ, സുൽഫിയ ഷെറിൻ എന്നിവരാണ് സഹോദരങ്ങൾ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ സുഫ്ന റെയിൽവേയിൽ ജോലിക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്.