കൽപ്പറ്റ: വയനാട്ടിൽ നാഷണൽ ഹെൽത്ത് മിഷനിലെ തസ്തികകളിലേക്കുള്ള നിയമനത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപം. ജൂണിയർ കണ്‍സൾട്ടന്റ് (ഡോക്യുമെന്റേഷൻ) തസ്തികയിലേക്കുള്ള നിയമന തട്ടിപ്പാണ് പുറത്തായത്.
കോഴ്സ് പൂർത്തിയാക്കി രണ്ടുവർഷം പോലും പൂർത്തിയാകാത്ത എസ്എഫ്ഐ നേതാവിനെ മൂന്നുവർഷം പ്രവൃത്തിപരിചയം ആവശ്യമുള്ള തസ്തികയിൽ നിയമിച്ചെന്നാണ് ആക്ഷേപം. മേയ് 20നാണ് എകെ 550/19 നന്പറായി നാഷനൽ ഹെൽത്ത് മിഷനിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താന്‍ അപേക്ഷ ക്ഷണിച്ചത്.
മെഡിക്കൽ ഓഫീസർ (എംബിബിഎസ്), ഡെവലപ്മെന്റ് തെറപ്പിസ്റ്റ്, ലാബ് ടെക്നീഷൻ, സ്പെഷൽ എഡ്യുക്കേറ്റർ, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, ഡയറ്റീഷൻ, ജെപിഎച്ച്എൻ, ഒപ്റ്റോമെട്രിസ്റ്റ്/ഒഫ്താൽമിക് അസിസ്റ്റന്റ്, ഡന്റൽ സർജൻ, റേഡിയോഗ്രാഫർ, ജൂണിയർ കണ്‍സൾട്ടന്റ് (ഡോക്യുമെന്റേഷൻ), അക്കൗണ്ടന്റ്, സീനിയർ ട്യൂബർകുലോസിസ് ലബോറട്ടറി സൂപ്പർവൈസർ (എസ്ടിഎൽഎസ്), ഓഫീസ് സെക്രട്ടറി, പീഡിയാട്രീഷൻ തസ്തികകളിലേക്കായിരുന്നു നിയമനം. ഇതിനായി മേയ് 27നു രാവിലെ 10ന് മാനന്തവാടി ജിവിഎച്ച്എസ്എസിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
40 വയസ്സിൽ താഴെയുള്ള അപേക്ഷകരിൽ നിന്ന് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ യോഗ്യരെ തെരഞ്ഞെടുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഉദ്യോഗാർഥികൾ കൂടുതലുള്ള തസ്തികകളിലേക്ക് മാത്രമായിരുന്നു എഴുത്തുപരീക്ഷ. ശേഷിക്കുന്ന തസ്തികകളിലേക്ക് കൂടിക്കാഴ്ച മാത്രം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
ഇതിലാണ് ആക്ഷേപമുയർന്നത്. ജൂണിയർ കണ്‍സൾട്ടന്റ് തസ്തികയിലേക്ക് മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം അല്ലെങ്കിൽ എംഎ ഇംഗ്ലീഷ്/മലയാളം വിത്ത് പിജി ഡിപ്ലോമ ഇൻ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, മാസ് കമ്മ്യൂണിക്കേഷൻ/ഐഇസി/ബിസിസി പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട് റേഡിയോ, ടിവി മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ എൻജിഒ തലത്തിലോ ദേശീയ/സംസ്ഥാന/ജില്ലാ തലത്തിലോ ഐഇസി പ്രോഗ്രാമുകൾ നടത്തിയുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം, ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം എന്നിവയായിരുന്നു യോഗ്യത.
പത്തിലധികം പേർ അഭിമുഖത്തിനെത്തിയിരുന്നു. എന്നാൽ നിശ്ചിത പ്രവൃത്തിപരിചയം ഇല്ലെന്ന കാരണത്താൽ ചിലരെ മാത്രം തിരിച്ചയച്ചതായി അവസരം നഷ്ടപ്പെട്ട ഉദ്യോഗാർഥികളിലൊരാൾ പറഞ്ഞു. അതേസമയം 2018ൽ കോഴ്സ് പൂർത്തിയാക്കിയ ഒരാളെ മൂന്നുവർഷം പ്രവൃത്തിപരിചയം ആവശ്യമുള്ള തസ്തികയിലേക്ക് നിയമിക്കുകയും ചെയ്തെന്ന് ഇവർ പറഞ്ഞു.