മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയോരത്ത് വെച്ച വാഴകള് വെട്ടിനശിപ്പിച്ച് കുലയും കൊണ്ട് കടന്ന് ദേശീയ പാതാ അതോറിറ്റി.
മണ്ണുത്തി സ്വദേശിയായ മനോജ് മേനോന്റെ വീടിന് മുന്നില് അദ്ദേഹം കൃഷി ചെയ്ത വാഴകളാണ് അധികൃതര് വെട്ടിനശിപ്പിച്ചത്.
അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലെ പത്ത് സെന്റോളം സ്ഥലം ദേശീയപാതയ്ക്കായി ഏറ്റെടുത്തിരുന്നു. എന്നാല്, അതില് ഭൂരിഭാഗം സ്ഥലവും റോഡിനായി ഉപയോഗിച്ചില്ല.
തുടര്ന്ന് വീടിന്റെ മുന്നിലെ സ്ഥലം സാമൂഹ്യവിരുദ്ധര് താവളമാക്കുന്നത് ശ്രദ്ധയില്പ്പെട്ടതിന് പിന്നാലെയാണ് വീട്ടുടമസ്ഥന് സ്ഥലത്ത് കൃഷി ആരംഭിച്ചത്.
എന്നാല്, വാഴ വലുതായി കുലച്ച് പാകമായതോടെ അതോറിറ്റി അധികൃതരെത്തി വാഴകള് വെട്ടി നിരത്തി.
അതിലുണ്ടായ നല്ല വാഴക്കുലകള് വെട്ടാനെത്തിയവര് തന്നെ കൊണ്ടുപോകുകയും ചെയ്തു. അഞ്ച് വര്ഷമായി പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ടെന്ന് വീട്ടുടമ പറഞ്ഞു.
കൃഷിയോടുള്ള പ്രിയംകൊണ്ടാണ് വാഴയും കപ്പയും കൃഷി ചെയ്തത്. വീട്ടുകാര് സ്ഥലത്തില്ലാത്ത സമയത്താണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ നടപടി.
തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം വാഴയും മറ്റ് മരങ്ങളുമുണ്ട്. എന്നാല് ഇവയൊന്നും വെട്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പാതയോരങ്ങളിലെ മുഴുവന് മരങ്ങളും കാടും വൃത്തിയാക്കുമെന്നാണ് ദേശീയ പാതാ അതോറിറ്റി നല്കുന്ന വിവരം. സംഭവത്തില് ആരോടും പക്ഷപാതമില്ലെന്നും അധികൃതര് പ്രതികരിച്ചു.