ചാത്തന്നൂർ: ദേശീയപാത 45 മീറ്ററിൽ വികസിപ്പിച്ചാൽ കൊട്ടിയംപട്ടണം പൂർണമായും ഇല്ലാതാകുമെന്ന് കൊട്ടിയം വ്യാപാരഭവനിൽ ചേർന്ന കൊട്ടിയം മർച്ചന്റ്സ് അസോസിയേഷൻ യോഗം വിലയിരുത്തി.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നതു പ്രകാരം കൊട്ടിയത്ത് അഞ്ഞുറോളം വ്യാപാരസ്ഥാപനങ്ങൾ പൂർണമായും ഇരുനൂറോളം വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായും പൊളിച്ചുനീക്കുന്ന അവസ്ഥയുണ്ടാകും. നുറുകണക്കിന് വ്യാപാരികളുടെ ജീവിതം വഴിമുട്ടും.
വ്യാപാര മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരകണക്കിന് തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും , ഓട്ടോ, ടാക്സി തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. മൂന്നു നി യോജകമണ്ഡലങ്ങളും അത്ര തന്നെ പഞ്ചായത്തുകളും അതിർത്തി പങ്കിടുന്ന കൊട്ടിയത്തെ കൊല്ലത്തിന്റെ ഉപഗ്രഹ നഗരമെന്നാണ് അറിയപ്പെടുന്നത്.നിലവിൽ നാലുവരിപ്പാതയാണ് കൊട്ടിയത്തുള്ളത്.
ഒരു ടൗൺ പൂർണമായും ഇല്ലാതെയാകുന്ന സാഹചര്യത്തിൽ ജന പ്രതിനിധികളും രാഷ്ടീയ നേതാക്കളും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ട് 45 മീറ്റർ എന്നത് 30.5 മീറ്ററായി ചുരുക്കി റോഡ് വികസിപ്പിച്ച് കൊട്ടിയം ടൗൺ നിലനിർത്തുന്ന സാഹചര്യം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഗിരീഷ് കരിക്കട്ടഴികം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.കബീർ, പളനി, മേഖലാ പ്രസിഡന്റ് സുനിൽകുമാർ, പി.മോഹൻ, എസ്.സോണി, മൂലക്കട കമറുദ്ദീൻ, ബിജുഖാൻ, നിയാസ് , ജി.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.