ആലപ്പുഴ: ദേശീയപാത മുപ്പതര മീറ്ററിൽ ഉടൻ നിർമാണം ആരംഭിക്കണമെന്നും അന്യായമായി വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കേരളത്തിൽ ഒരു രണ്ടാം വിമോചന സമരത്തിന് ആരംഭം കുറിക്കേണ്ടി വരുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
നാല്പതു വർഷം മുന്പ് ഏറ്റെടുത്ത ഭുമി തരിശായി കിടക്കുകയും ആ സ്ഥലത്ത് നാല് വരിപ്പാത സുഗമമായി പണിയാം എന്നിരിക്കെ വീണ്ടും സ്ഥലം ഏറ്റെടുത്ത് വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ കോർപറേറ്റുകളെ സഹായിക്കാനാണ്. വ്യാപാരികൾക്ക് ന്യായമായ പുനരധിവാസമോ അല്ലങ്കിൽ ആത്മഹത്യ ചെയ്യാൻ മൂന്ന് മുഴം കയറോ തന്നാൽ മതി.
അതിൽ ഏതുവേണമെന്ന് സർക്കാരിനു തീരുമാനിക്കാം എന്നും രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് തൊഴിൽ സംരക്ഷണ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാജു അപ്സര. ജില്ലാ ജനറൽ സെക്രട്ടറി വി. സബിൽരാജ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻറുമാരായ കെ.എസ്.മുഹമ്മദ്, പ്രതാപൻ സൂര്യാലയം, വർഗീസ് വല്ലാക്കൽ, വി.സി. ഉദയകമാർ, ആർ. സുഭാഷ്, സജു പാർത്ഥസാരഥി, ബാബുജി ജയ്ഹിന്ദ്, ജില്ലാ സെക്രട്ടറിമാരായ പി.സി. ഗോപാലകൃഷ്ണൻ, തോമസ് കണ്ടഞ്ചേരി മുജീബ് റഹ്മാൻ, എ.കെ. ഷംസുദ്ദീൻ, മുഹമ്മദ് നജീബ്, ഐ. ഹലീൽ, വേണുഗോപാലക്കുറുപ്പ് ,രക്ഷാധികാരി അശോകപ്പണിക്കർ, യൂത്ത്വിംഗ് ജില്ലാ പ്രസിഡൻറ് സുനീർ ഇസ്മയിൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ നസീർ പുന്നക്കൽ, ഹരിനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
നേരത്തെ കല്ലുപാലത്തിനു സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് ജില്ലാ താലൂക്ക് നിയോജക മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.