കൊല്ലം: ദേശീയപാതാ വികസനം 45 മീറ്ററിൽതന്നെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നാഷണൽ ഹൈവ് ഡവലപ്പ്മെന്റ് ആന്റ് പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളിൽ ദേശീയപാത വികസനം 60 മീറ്റർ വീതിയലാക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രഖ്യാപിത നയത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇത് 45 മീറ്ററായി നിജപ്പെടുത്തിയിട്ടുള്ളതാണ്.
വാഹനങ്ങളുടെ ബാഹുല്യത്തിന് അനുസൃതമായി റോഡിന് വീതിയില്ലാത്തതിനാൽ അനുദിനം അപകടമരണങ്ങൾ വർധിക്കുന്നു. അപകടത്തിൽ മാരക മുറിവും അംഗവൈകല്യം സംഭവിക്കുന്നവരും അനവധിയാണ്. റോഡ് സുരക്ഷാനിയമം കർശനമായി പാലിക്കുന്നതിന് പോലും ഇതുകാരണം കഴിയുന്നില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പലപ്പോഴും റോഡിന് വീതികൂട്ടാൻ സർവേ നടപടികൾ ആരംഭിക്കുന്പോൾ ഇതിനെതിരേ തൽപ്പര കക്ഷികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ന്യൂനപക്ഷമായ ഇവരുടെ താത്പര്യങ്ങൾക്ക് വഴങ്ങി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണ് പതിവ്.
ഇപ്പോൾ ഇരുവശത്തുമുള്ള വസ്തുക്കൾ ഏറ്റെടുക്കുന്നതിന് അവസാന നോട്ടിഫിക്കേഷനും പുറപ്പെടുവിച്ച് കഴിഞ്ഞു. റോഡിന് ഇരുവശത്തെയും താമസക്കാർക്കും കച്ചവടക്കാർക്കും പൊന്നുംവില നൽകാനും സർക്കാർ തീരുമാനമുണ്ട്.
മതിയായ വിലയും പുനരധിവാസവും പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും ഹൈവേ വികസനം അട്ടിമറിക്കാനുള്ള ചിലരുടെ കുത്സിത നീക്കത്തെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.
ഹൈവേ വികസനം 45 മീറ്ററിൽ നടപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹൈവേ വികസന സമിതി കേസ് നടത്തിവരികയാണ്. അതിന്റെ അടിസ്ഥാനത്തിൽ 45 മീറ്റർ വീതിയിൽ റോഡ് നിർമിക്കാമെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ എൻ.എസ്.വിജയൻ, ജനറൽ സെക്രട്ടറി നെയ്ത്തിൽ വിൻസന്റ്, മറ്റ് ഭാരവാഹികളായ കമറുദീൻ മുസലിയാർ, കെ.പി.ഉണ്ണികൃഷ്ണൻ, അനീസ് ധൂമ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.