തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ സ്ത്രീ മരിച്ച സംഭവത്തിൽ ചികിത്സയിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ മൂന്നുമാസത്തിനകം നിയമനടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പരാതിക്കാരൻ കൂടുതൽ തെളിവുകളുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയോ ആരോഗ്യ വകുപ്പ് സെക്രട്ടറിയെയോ സമീപിക്കണമെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.
വിയ്യൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് എ.ആർ. മധുകുമാറിന്റെ ഭാര്യയാണ് കഴിഞ്ഞ ഓഗസ്റ്റിൽ യൂറോളജി വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിനുപിന്നിൽ ഡോക്ടർമാടെയും ജീവനക്കാരുടെയും അശ്രദ്ധയും അനാസ്ഥയുമുണ്ടെന്നാണ് പരാതി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിൽനിന്നും വിശദീകരണം തേടിയിരുന്നു.
പരാതിയെകുറിച്ച് അന്വേഷിക്കാൻ വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിറ്റി രൂപികരിച്ചിരുന്നു. സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഡോക്ടർമാരുടെയോ ജീവനക്കാരുടെയോ ഭാഗത്ത് അപാകതയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും പരേതയുടെ ചികിത്സാരേഖകൾ ആശുപത്രി അധികൃതർ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
ഡോക്ടർമാരുടെ അശ്രദ്ധ കാരണമുണ്ടാകുന്ന മരണങ്ങളിൽ സുപ്രീംകോടതി അംഗീകരിച്ച കീഴ്വഴക്കപ്രകാരം വിദഗ്ദ്ധ ഡോക്ടർമാരുടെ സാങ്കേതിക ഉപദേശമോ ശാസ്ത്രീയ നിഗമനങ്ങളോ കൈമാറിയിട്ടില്ലെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. വിദഗ്ദ്ധ സമിതി, ഡോക്ടർമാരിൽനിന്നു ശേഖരിച്ച മൊഴിപ്പകർപ്പുകളും കമ്മീഷനു ലഭിച്ചിട്ടില്ലെന്നും കെ. മോഹൻകുമാർ വ്യക്തമാക്കി.