മഹാനായ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ നേട്ടങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 22 ന് ദേശീയ ഗണിത ദിനമായി ആചരിക്കുന്നു.
1887 ഡിസംബർ 22ന് തമിഴ്നാട്ടിലെ ഈറോഡിലാണ് അദ്ദേഹം ജനിച്ചത്. 2011 ഡിസംബറിൽ ഇന്ത്യാ ഗവൺമെന്റ് ശ്രീരാമാനുജന്റെ ജന്മദിനം ദേശീയ ഗണിതശാസ്ത്ര ദിനമായി നിശ്ചയിച്ചു. ആദ്യമായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി രാജ്യത്തുടനീളം ആചരിക്കുകയും ചെയ്തു.
ഒരു ദരിദ്ര കുടുംബത്തിലാണ് രാമാനുജൻ ജനിച്ചത്. അച്ഛൻ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാർ തുണിക്കടയിൽ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാൾ. രാമാനുജന് താഴെ അഞ്ചു മക്കൾകൂടിയുണ്ടായിരുന്നു.
ശ്രീനിവാസ രാമാനുജൻ താമസിച്ചിരുന്നത് കുംഭകോണത്ത് സാരംഗപാണിക്ഷേത്രത്തിനടുത്ത് ആയിരുന്നു. ഇപ്പോൾ അവിടെ അദ്ദേഹം താമസിച്ചിരുന്ന വീട് മ്യൂസിയം ആയി സൂക്ഷിക്കുന്നു.
അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര സിദ്ധാന്തങ്ങൾ ഗണിതശാസ്ത്രത്തിന്റെ അതിർത്തി മേഖലകൾക്ക് വളരെയധികം സംഭാവന നൽകി. അക്കാലത്ത് പരിഹരിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന ഗണിതശാസ്ത്ര പ്രശ്നങ്ങൾക്ക് അദ്ദേഹം പരിഹാരങ്ങൾ നൽകി.
ലോകമെമ്പാടുമുള്ള ഗണിതശാസ്ത്രജ്ഞർക്ക് ഒരു പ്രചോദനമാണ് രാമുനാജന്റെ ഗണിതശാസ്ത്രരംഗത്തെ തകർപ്പൻ പ്രവർത്തനം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വർഷങ്ങളായി വിപുലമായ ഗവേഷണങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്.