ഹരിപ്പാട്: നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി ദേശീയ റിക്കാർഡ് കരസ്ഥമാക്കി ഹരിപ്പാട് സ്വദേശി അമേയ. സ്ട്രോംഗ് വുമൺ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
തെങ്കാശിയിലെ കുറ്റാലത്തു നടന്ന നാഷണൽ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 84 കിലോ വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്.കഴിഞ്ഞ വർഷം ജൂണിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ നാലു സ്വർണ മെഡൽ നേടി ഇന്റർനാഷനൽ താരമായി അമേയ മാറിയിരുന്നു.
കഴിഞ്ഞ നാലു വർഷമായി പവർ ലിഫ്റ്റിംഗ് രംഗത്ത് സജീവസാന്നിധ്യമായ അമേയ, വിവിധ ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് 25 സ്വർണമെഡലുകൾ കരസ്ഥമാ ക്കിയിട്ടുണ്ട്.
തുലാംപറമ്പ് വടക്ക് പുതുപ്പുരയ്ക്കൽ വിനോദിന്റെയും മഞ്ജുഷയുടെയും മകളായ അമേയ ഹരിപ്പാട് ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ആലപ്പി ജിമ്മിലെ ശരത് കൃഷ്ണനാണ് അമേയയുടെ പരിശീലകൻ.