കൽപ്പറ്റ: ദേശീയപാത 766 ലെ രാത്രി യാത്രാ നിരോധനം നീക്കണമെന്നും പകൽപോലും യാത്ര നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കാർഷിക പുരോഗമന സമിതി മൂന്നാംഘട്ട സമരത്തിലേക്ക്. രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ നടന്ന സായാഹ്ന ധർണ സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയി ഉദ്ഘാടനം ചെയ്തു.
വർഷങ്ങളോളം പഴക്കമുള്ള റോഡ് അടച്ചുപൂട്ടാൻ ഗൂഢ നീക്കം നടക്കുന്നത് വയനാട്ടുകാർ തിരിച്ചറിയണം. സംസ്ഥാന ഗവണ്മെന്റും കേന്ദ്രഗവണ്മെന്റും അവസാന കാലയളവിൽ കാര്യമായി ഇടപെടാൻ തയാറാകണം. രണ്ടാഴ്ച സമയം മാത്രം ബാക്കി നിൽക്കെ സുപ്രീം കോടതിയിൽ റോഡിന് അനുകൂലമായ സത്യവാംങ്മൂലം കൊടുക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറകണമെന്നും പി.എം. ജോയി പറഞ്ഞു.
മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം വാഹനപ്രചരണ ജാഥ നടത്താനും ദേശീയ പാത ഉപരോധിക്കാനും തീരുമാനിച്ചു. യോഗത്തിൽ സമിതി വൈസ് ചെയർമാൻ വി.പി. വർക്കി അധ്യക്ഷത വഹിച്ചു. ഡോ.പി. ലക്ഷ്മണൻ, കണ്ണിവട്ടം കേശവൻ ചെട്ടി, ഗഫൂർ വെണ്ണിയോട്, കെ. കുഞ്ഞിക്കണ്ണൻ, ബെഞ്ചമിൻ ഈശോ, ടി.പി. ശശി, എൻ.ഒ. ദേവസ്യ, ടി.കെ. ഉമ്മർ, പ്രഫ. താരാഫിലിപ്പ്, എ.വി. കൃഷ്ണകുമാർ, ഒ.സി. ഷിബു, പി.വി. ശ്രീധരൻ, പി.പി. ഷൈജൽ, സഫീർ പഴേരി, ഷാലിൻ ജോർജ്, ഉനൈസ് കല്ലൂർ, കെ.ഒ. ഷിബു, വി.ആർ. ശിവരാമൻ, എം.കെ. ബാലൻ, പി.എം. സഹദേവൻ, സി.പി. അഷ്റഫ്, വി. അബ്ദുൾ സലീം തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രധാനമന്ത്രിയെ കാണണമെന്ന്
കൽപ്പറ്റ: ദേശീയപാത 766 അടച്ചുപൂട്ടാനുള്ള നീക്കം മറികടക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചു പ്രധാനമന്ത്രിയെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെയും നേരിൽക്കണ്ടു വസ്തുതകൾ ബോധ്യപ്പെടുത്തണമെന്നു കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു.
പരിസ്ഥിതിയുടെ പേരിലുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഫലമാണ് നീലഗിരി, വയനാട് മേഖലകളിൽ നടപ്പാക്കുന്ന യാത്ര നിരോധന-നിയന്ത്രണ നടപടികൾ. ഉന്നത നീതിപീഠത്തെ പോലും തത്പരകക്ഷികൾ തെറ്റദ്ധിരിപ്പിക്കുകയാണ്. ദേശീയപാത 766 അടച്ചുപൂട്ടാതിരിക്കുന്നതിനു കേരളത്തിൽനിന്നുള്ള കേന്ദ്ര മന്ത്രി വി. മുരളീധരനും എംപിമാരും ഉണർന്നുപ്രവർത്തിക്കണം.
അല്ലാത്തപക്ഷം സുപ്രീംകോടതി വിധി കേരളത്തിന്റെ താത്പര്യത്തിനു എതിരാകും. ദേശീയപാത വിഷയത്തിൽ ദേശീയ സമിതി അംഗം കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയത് സ്വാഗതാർഹമാണെന്നും ദേവസ്യ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അഭിഭാഷകരുടെയും യോഗം ഇന്ന്
സുൽത്താൻ ബത്തേരി: ദേശീയപാത 766-ലെ യാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് രണ്ടിന് ബത്തേരി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരുടെ യോഗം ബത്തേരി മുനിസിപ്പൽ ചെയർമാന്റെ ചേന്പറിൽ നടക്കും. തുടർന്ന് അഭിഭാഷകരുടെ യോഗവും ചേരും. യോഗത്തിൽ ബത്തേരി താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാരും അഭിഭാഷകരും പങ്കെടുക്കണമെന്ന് ഗതാഗത സംരക്ഷണ കർമ സമിതി അറിയിച്ചു.