കോഴിക്കോട്: രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ ദേശീയ പാതകളില്‍ ഒന്നായി കോഴിക്കോട് ബൈപ്പാസ് ആറുവരിപാതയുടെ നിര്‍മ്മാണം മാറും. നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നതിന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്കിയ വാര്‍ത്ത ഏറെ പ്രതീക്ഷയാണ് മലബാറുകാര്‍ക്ക് നല്‍കുന്നത്.തമിഴ്നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പടിഞ്ഞാറന്‍ തീരത്തിലൂടെ കടന്നുപോകുന്ന പ്രധാന ദേശീയ പാത എന്ന നിലയില്‍ ആറുവരി ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത് ഏറെ നേട്ടമാകും.
കോഴിക്കോട് നഗരത്തിന്റെ ഗതാഗത കുരുക്ക് കുറയ്ക്കാനും വാണിജ്യ നേട്ടത്തിനും പാത ഗുണകരമാകുമെന്ന് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പരിശ്രമിച്ച എം.കെ. രാഘവന് എംപി അഭിപ്രായപ്പെട്ടു. നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപ്പാസ് പ്രൊജക്ടാണിത്. 28.4 കിലോമീറ്റര്‍ ദൂരത്തിന് 1424.774 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് 50.31 കോടി രൂപയാണ് മതിപ്പ് ചെലവ്.
കിലോമീറ്ററിന് മതിപ്പുവില നോക്കുമ്പോള്‍ ഏറ്റവും ചെലവേറിയ ദേശീയ പാതകളില്‍ ഒന്നായി ഇത് മാറും. പാത കടന്നുപോകുന്ന പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് ജനങ്ങളുടെ ആവശ്യവും തുടര്‍ച്ചയായ അഭ്യര്‍ത്ഥനയും മാനിച്ച് ഏഴു മേല്‍പ്പാലങ്ങള്‍ക്കാണ് പദ്ധതിയില്‍ അനുമതിയുള്ളത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്-പാലാഴി, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ വരുന്നത്.
ദേശീയപാത അടിയിലൂടെ കടന്നുപോകാന്‍ മലാപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളില്‍ രണ്ട് ഓവര്‍ പാസുകളും അംഗീകരിച്ചിട്ടുണ്ട്. ക്രോസ് റോഡുകള്‍ കടന്നുപോകാനായി അമ്പലപ്പടി, മൊകവൂര്‍, കൂടത്തുമ്പാറ, വയല്‍ക്കര എന്നിവിടങ്ങളിലായി നാല് അണ്ടര്‍പാസുകളും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കും. കൊടല്‍നടക്കാവ് മേല്‍നടപ്പാതയും ഇതിന്റെ ഭാഗമായ് വരും. ഇത്രയും നിര്‍മ്മാണങ്ങള്‍ കൂടി ഉള്‍പ്പെടെയാണ് വലിയ ചെലവ് കണക്കാക്കുന്നത്. നാഷണല്‍ അഥോറിറ്റിയുടെ ഇന്ത്യയുടെ നിലവിലുള്ള ആറുവരി പദ്ധതിയായ വടക്കഞ്ചേരി-തൃശൂര്‍ പാതയ്ക്ക് 30 കിലോമീറ്ററില്‍ ടണല്‍ ഉള്‍പ്പെടെ 672 കോടി രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ.
ദേശീയ പാത വികസന പദ്ധതിയുടെ മൂന്നാംഘട്ടമെന്ന നിലയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് പദ്ധതി നടപ്പാക്കാനാണ് മന്ത്രാലയം തീരുമാനിച്ചത്. പദ്ധതി നിര്‍വഹണത്തിനുള്ള ടെക്നിക്കല്‍ ബിഡ് തുറക്കുന്നത് ഈ മാസം 21-നാണ്. ഒരുമാസം കഴിഞ്ഞ് ഫൈനാല്‍ഷ്യല്‍ ബിഡ് തുറന്ന് തീരുമാനമെടുക്കും. ഏറ്റവും കുറഞ്ഞ തുകയ്ക്ക് അംഗീകാരം നേടുന്ന യോഗ്യരായ കമ്പനിക്ക് ബാങ്ക് ഗ്യാരന്റിയും വര്‍ക്ക് പ്ലാനും സമര്‍പ്പിക്കാനുള്ള സമയം നല്‍കും. അതിനു ശേഷം എല്‍ ഒ എ (ലെറ്റര്‍ ഓഫ് അവാര്‍ഡ്) അനുമതി നല്‍കുകയാണ് ചെയ്യുക.
നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ കോഴിക്കോട് പ്രൊജക്ട് ഡയറക്ട് ഓഫിസിന് തന്നെയാണ് ആറുവരി പാതയുടെ മേല്‍നോട്ട ചുമതല. ഇത്രയും മേല്‍പ്പാലവും അടിപ്പാതകളുമുള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കുക ന്നതുതന്നെ പരിശ്രമമേറിയ കാര്യമാണ്. കോഴിക്കോടിന്റെ മുഖച്ഛായതന്നെ മാറ്റുന്നതായിരിക്കും ഈ പദ്ധതികളെന്നും എംകെ.രാഘവന് എം.പി. അഭിപ്രായപ്പെട്ടു.