മലപ്പുറം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള സർവേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആരംഭിച്ചു. കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നാണ് സർവേ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടർന്നു പലതവണ മാറ്റിവച്ച സർവേ നടപടികളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്.
സർവേ തടയാനുള്ള സമരസമിതിയുടെ നീക്കത്തെ പ്രതിരോധിക്കാനായി കനത്ത പോലീസ് സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സർവേ നടപടികൾക്കെതിരെ പ്രതിഷേധിച്ചവരെ പോലീസ് തടഞ്ഞു. ഭൂമി നഷ്ടമാകുന്നവരും ഹൈവേ ആക്ഷൻ കമ്മിറ്റിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ശനിയാഴ്ച കളക്ടർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജനകീയ സമരം നടന്ന മലപ്പുറത്ത് 2009, 11, 13 വർഷങ്ങളിൽ 3എ വിജ്ഞാപനം ഇറക്കിയെങ്കിലും സർവേ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാൻ ജില്ലയിൽ 243.9 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.