വടക്കഞ്ചേരി: ശമ്പള കുടിശിക ആവശ്യപ്പെട്ടു വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത നിർമാണ കന്പനി ജീവനക്കാരുടെ പണിമുടക്ക് കൂടുതൽ ശക്തമാക്കി. ഇതിന്റെ ഭാഗമായി വടക്കഞ്ചേരി തങ്കം ജംഗ്്ഷനിൽ നടക്കുന്ന ഫ്ളൈ ഓവർ പണികൾ ഇന്നലെ ജീവനക്കാരെത്തി നിർത്തിച്ചു.
വടക്കഞ്ചേരിമുതൽ മണ്ണുത്തിവരെ ഇപ്പോൾ എവിടെയും പണികൾ നടക്കുന്നില്ല. ആറുവരിപ്പാതയുടെ മധ്യത്തിലുള്ള ഡിവൈഡറിലെ പുല്ലുപറിക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മറ്റു പണികളൊന്നും നടത്താൻ കന്പനിയുടെ ജീവനക്കാരും തൊഴിലാളികളും അനുവദിക്കുന്നില്ല. ആറുമാസമായി ശന്പളം നല്കാത്തതിനെതുടർന്നു ഇരുന്നൂറോളം ജീവനക്കാരും തൊഴിലാളികളും ബുധനാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒരുമാസത്തെ ശന്പളം ഇട്ടിട്ടുണ്ടെങ്കിലും കുടിശികശന്പളം പൂർണമായും ലഭിക്കാതെ ജോലിക്കു കയറില്ലെന്ന നിലപാടിലാണ് ജീവനക്കാർ. എട്ടുമാസത്തെ വാടകകുടിശിക നല്കണമെന്നാവശ്യപ്പെട്ട് കരാർ കന്പനി വാടകയ്ക്ക് എടുത്ത വാഹനങ്ങളും ഓട്ടം നിർത്തിവച്ചിരിക്കുകയാണ്. മേയ്മാസം മുതൽക്കുള്ള വാടകയിനത്തിൽതന്നെ അന്പതോളം വാഹനങ്ങളുടേതായി കോടികൾ നല്കാനുണ്ടെന്നു വാഹന ഉടമ ചെന്താമര പറഞ്ഞു.