മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണ രാജിവച്ചു. പകരം സീനിയര്‍ എക്സിക്യൂട്ടീവായ ജെ. രവിചന്ദ്രനെ ഇടക്കാല സിഇഒ ആയി നിയമിച്ചു. ഡയറക്ടര്‍മാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് രാജി.
എന്‍എസ്ഇയുടെ ഐപിഒ നടക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ചിത്ര രാമകൃഷ്ണയുടെ അപ്രതീക്ഷിത രാജി. ഇത് സമീപകാലത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രധാന എതിരാളികളായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും അവരുടെ ഐപിഒ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
1992ല്‍ രൂപീകരിച്ചതു മുതല്‍ എന്‍എസ്ഇയില്‍ പ്രവൃത്തിക്കുന്നയാളാണ് ചിത്ര. ആഗോളതലത്തില്‍ ഓഹരിക്കമ്പോളങ്ങളുടെ തലപ്പത്തുള്ള ചുരുക്കം ചില വനിതകളിലൊരാളായിരുന്നു 52കാരിയായ ഇവര്‍. 2013 ഏപ്രിലിലാണ് എന്‍എസ്ഇയുടെ എംഡിയും സിഇഒയുമായി ചുമതലയേറ്റത്. 2018 മാര്‍ച്ച് വരെയായിരുന്നു കാലാവധി.
രാജി തികച്ചും വ്യക്തിപരമാണെന്നാണ് എന്‍എസ്ഇയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. പുതിയ മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന് കമ്മിറ്റി രൂപീകരിക്കുമെന്നും എന്‍എസ്ഇ അറിയിച്ചു.