മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പ് സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റാൻ എല്ലാ പഞ്ചായത്തുകളിലും ഭൂവുടമകളുടെ യോഗം വിളിച്ചു ചേർക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിൽ പണം വന്ന ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് യോഗത്തിൽ കളക്ടർ അമിത് മീണ ഉറപ്പുനൽകി.
ജനങ്ങളുടെ എല്ലാ ആശങ്കകളും തീർക്കും. ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെയും വസ്തുവകകളുടെയും നഷ്ടപരിഹാരം നൽകി കഴിഞ്ഞു നവംബർ അവസാനത്തോടെ മാത്രമേ പ്രവൃത്തികൾ ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുന്പടപ്പ്, കാലടി, തവനൂർ പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം ഇന്നും നാളെയും മറ്റന്നാളുമായി വിളിച്ചു ചേർക്കും.
വെളിയങ്കോട് പൊന്നാനി പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം ഇന്നു ഉച്ചക്കു രണ്ടിനു പാലപ്പെട്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നടക്കും. പൊന്നാനി നഗരസഭയിലെ ഭൂവുടമകളുടെ യോഗം നാളെ ഉച്ചയ്ക്കു 2.30നു പൊന്നാനി താലൂക്ക് ഓഫീസ് കോണ്ഫറൻസ് ഹാളിൽ ചേരും. വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നിനു തവനൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് കാലടി, തവനൂർ പഞ്ചായത്തുകളുടെ യോഗം.
നഷ്ടപരിഹാരം സംബന്ധിച്ചു വ്യക്തമായ മാർഗനിർദേശങ്ങളുണ്ടെന്നു ജനപ്രതിനിധികളുടെ ചോദ്യത്തിനു മറുപടിയായി കളക്ടർ പറഞ്ഞു. ആയിരം ചതുരശ്രയടി വിസ്തീർണമുള്ള ഒരു വീടിനു നാല്പത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാവുന്ന വിധത്തിലാണ് പുനരധിവാസ പാക്കേജ്. ഇതിൽ വീടുകളുടെ കാലപ്പഴക്കം പരിഗണിക്കില്ല. ഗ്രാമപ്രദേശങ്ങളിൽ ഭൂമിവിലയുടെ 2.4 മടങ്ങും നഗരങ്ങളിൽ രണ്ടു മടങ്ങും നഷ്ടപരിഹാരം ലഭിക്കും.
ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള മുന്തിയ അഞ്ച് ആധാരവിലയുടെ ശരാശരിയാണ് ഭൂമി വിലയായി കണക്കാക്കുക. നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയിൽ നിന്നു വരുമാന നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങൾ നേരത്തേ പത്രങ്ങളിൽ പ്രസിദ്ധീകരണത്തിനു നൽകിയിരുന്നുവെന്നും കൂടുതൽ വ്യക്തത വരുത്തി വിശദമായ പത്രക്കുറിപ്പ് ഒരിക്കൽ കൂടി നൽകി ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കുമെന്നും കളക്ടർ അറിയിച്ചു.
ദേശീയപാതയുടെ അലൈൻമെന്റ്് നേരത്തേ ജനപ്രതിനിധികളെ കാണിച്ചു ബോധ്യപ്പെടുത്തിയിരുന്നു. ഇതിൽ നിന്നു യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾക്കു അടിസ്ഥാനമില്ലെന്നും കളക്ടർ പറഞ്ഞു.