തിരുവനന്തപുരം: ദേശീയ ഓപ്പണ്‍ 400 മീറ്റർ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ നോഹ് നിർമൽ ടോമിനും മയൂഖാ വിനോദിനും സ്വർണത്തിളക്കം. 18 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ മയൂഖാ വിനോദ് 58.83 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ സ്വന്തമായത് സ്വർണപ്പതക്കം.
എഎം എച്ച്എസ്എസ് പൂവന്പായിയിലെ പ്ലസ് ടു വിദ്യാർഥിനിയായ മയൂഖ ശനിയാഴ്ച വാർഷിക പരീക്ഷ കഴിഞ്ഞ് നേരെ തിരുവനന്തപുരത്തേക്കു യാത്ര തിരിക്കുകയായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്തെത്തി, ഇന്നലെ രാവിലെ ഹീറ്റ്സും വൈകുന്നേരം സുവർണ നേട്ടവും സ്വന്തമാക്കി തിരികെ കോഴിക്കോട്ടേക്ക്. അതും ഇന്നു നടക്കുന്ന കന്പ്യൂട്ടർ സയൻസ് പരീക്ഷ എഴുതായി.
പരീക്ഷയ്ക്കിടയിലും പോരാട്ടത്തിനിറങ്ങി മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഈ കൗമാര കായിക പ്രതിഭ.
പുരുഷവിഭാഗത്തിൽ കേരളം
പുരുഷ വിഭാഗം 400 മീറ്ററിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി കേരളം സന്പൂർണ ആധിപത്യം സ്ഥാപിച്ചു. നോഹാ നിർമൽ ടോം 46.40 സെക്കൻഡിൽ ഫിനിഷ് ചെയ്തു സ്വർണത്തിന് അവകാശിയായപ്പോൾ ഒളിന്പ്യൻ മുഹമ്മദ് അനസ് യാഹിയ 46.48 സെക്കൻഡിൽ വെള്ളി നേട്ടത്തിനും വി. മുഹമ്മദ് അജ്മൽ 46.58 സെക്കൻഡിൽ വെങ്കലത്തിനും ഉടമകളായി.
20 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ സാന്ദ്രമോൾ 55.97 സെക്കൻഡിൽ വെങ്കല നേട്ടത്തിന് അർഹയായി. 20ൽ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ പി. അഭിരാം (47.77 സെക്കൻഡ്) വെങ്കലം നേടി.
18ൽ താഴെയുള്ള ആണ്‍കുട്ടികളിൽ ബീഹാറിന്റെ പിയൂഷ് രാജ് (49.39), 20ൽ താഴെയുള്ളവരിൽ തമിഴ്നാടിന്റെ നവീൻ കുമാർ (47.40) വനിതകളുടെ വിഭാഗത്തിൽ തമിഴ്നാടിന്റെ ആർ. വിദ്യാ രാംരാജ് (52.25) 20ൽ താഴെയുള്ള കാറ്റഗറിയിൽ തെലങ്കാനയുടെ ഡോഡ്ല സായ് സംഗീത (55.30) എന്നിവരും സുവർണ നേട്ടത്തിന് അർഹരായി.
ഒളിന്പിക്സ് ഉൾപ്പെടെയുള്ള ലോക മത്സരങ്ങളുടെ യോഗ്യതാ മത്സരം കൂടിയായിരുന്നു. എന്നാൽ, ആർക്കും യോഗ്യതാ മാർക്ക് മറികടക്കാനായില്ല.
തോമസ് വർഗീസ്