ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള ചിത്രങ്ങൾക്ക് മികച്ച നേട്ടം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും മഹേഷിന്റെ പ്രതികാരം നേടി. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരനാണ് അവാർഡ് ലഭിച്ചത്.
മൂന്ന് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. തെലുങ്ക് ചിത്രം ജനതാ ഗാരേജ്, മലയാള ചിത്രങ്ങളായ പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്നിവയിലെ അഭിനയത്തിനാണ് മോഹൻലാൽ പ്രത്യേക പരാമർശം നേടിയത്.
പുലിമുരുകൻ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിൻ മികച്ച ആക്ഷൻ കൊറിയോഗ്രാഫർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. കാടുപുക്കുന്ന നേരം എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം നേടിയ ജയദേവൻ ചക്കാടത്തും മലയാളത്തിന് അഭിമാനമായി. നോണ് ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ചെന്പൈ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു.
റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അക്ഷയ് കുമാർ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം ജോക്കർ നേടി. സോനം കപൂറിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രം നീരജയാണ് മികച്ച ഹിന്ദി ചിത്രം. ചലച്ചിത്ര സൗഹാർദ സംസ്ഥാനത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിനാണ്. ഈ വിഭാഗത്തിൽ ജാർഖണ്ഡ് പ്രത്യേക പരാമർശം നേടി.