പയ്യന്നൂര്‍: ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി കരിവെള്ളൂര്‍ ഓണക്കുന്ന് ഭാഗത്ത് പൊളിച്ചു നീക്കേണ്ടിവരുന്നത് ഇരുന്നൂറോളം കടകള്‍. കൂട്ടത്തില്‍ സ്കൂളിന്റെയും പള്ളിയുടേയും സ്ഥലം നഷ്ടപ്പെടുമെങ്കിലും ഓണക്കുന്നിലും കരിവെള്ളൂരിലുമുള്ള മൊബൈല്‍ ടവറുകള്‍ നില്‍ക്കുന്നിടത്ത് തന്നെ ഉറച്ചു നില്ക്കും.1993-94ല്‍ ദേശീയപാത വികസനത്തിനായി കടകള്‍ പൊളിച്ചു നീക്കിയ വ്യാപാരികള്തന്നെയാണ് ഇപ്പോള്‍ വീണ്ടും ഇതേ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. വികസനത്തിന് തങ്ങള്‍ എതിരല്ല എന്ന് ഇവര്‍ തറപ്പിച്ച് പറയുമ്പോഴും ഇവര്‍ ചൂണ്ടിക്കാണിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്.
മുമ്പത്തെ സ്ഥലമെടുപ്പിനെതിരെ വ്യാപാരികള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ വ്യാപാരികളോട് മാനുഷിക പരിഗണന നല്കാന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഫലമായി അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ വ്യാപാരികളുടെ പുനരധിവാസത്തിനായി ദേശീയപാത വിഭാഗത്തിന്റെ 32 സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ടുകൊടുത്തിരുന്നു.
എന്നാല്‍ ഇതില്‍ കെട്ടിടനിര്‍മാണമോ വ്യാപാരികളുടെ പുനരധിവാസമോ നടത്തുന്ന കാര്യത്തില്‍ ആരും ശ്രദ്ധിച്ചില്ല. അതിനു ശേഷം നിര്‍മിച്ച കെട്ടിടങ്ങളില്‍ അടുത്തകാലത്തായി പച്ചപിടിച്ചുവന്ന കച്ചവടക്കാരാണ് ഇപ്പോള്‍ വീണ്ടും ഇറങ്ങിക്കൊടുക്കേണ്ടി വന്നിരിക്കുന്നത്.അതിനിടയിലാണ് മൊബൈല്‍ ടവറിനെ രക്ഷിക്കാന്‍ ദേശീയപാത വളച്ചെടുക്കുന്നതായി ആരോപണമുയരുന്നത്.
നിലവില്‍ 30 മീറ്റര്‍ വീതിയുള്ള റോഡിനെ നാലുവരിപാതയാക്കുന്നതിനായി 45 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ഇതിനായി ഇരുഭാഗത്ത് നിന്നും ഏഴര മീറ്റര്‍ വീതം സ്ഥലമെടുക്കുമെന്നാണ് പറഞ്ഞിരുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.ആദ്യ സര്‍വേകള്‍ ഇത്തരത്തിലുള്ള സ്ഥലമെടുപ്പിനാണ് പ്ലാന്‍ തയാറാക്കിയത്.
2011ലും 12ലും ഇറക്കിയ അറിയിപ്പില്‍ കരിവെള്ളൂര്‍ ടൗണിലെ മൊബൈല്‍ ടവര്‍ സ്ഥിതിചെയ്യുന്ന കെട്ടിടമുള്‍പ്പെടെ 198.26 ചതുരശ്ര മീറ്റര്‍ സ്ഥലമെടുക്കാന്‍ സ്കെച്ചും പ്ലാനും തയ്യാറാക്കിയവര്‍ 2014 ലെ പ്ലാനില്‍ മാറ്റം വരുത്തി എടുക്കേണ്ട സ്ഥലത്തിന്റെ അളവ് 38 ചതുരശ്ര മീറ്ററാക്കി ചുരുക്കി. പകരം റോഡിന് കിഴക്ക് ഭാഗത്ത് മുമ്പ് നിശ്ചയിച്ചതിനേക്കാളും അഞ്ച് മീറ്റര്‍ കുടി റോഡിനായി എടുക്കാനാണ് പുതിയ പ്ലാനിലുള്ളത്.
ഇതോടെ പരമാവധി നേരെ പോകേണ്ട ദേശീയപാത മൊബെല്‍ ടവറിനെ രക്ഷിക്കാനായി വളച്ചുകൊണ്ടുപോകുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.ഇതേ അവസ്ഥ തന്നെയാണ് ഓണക്കുന്നിലും. ഓണക്കുന്നില്‍ ടവറിനെ രക്ഷിക്കാനായി സ്കൂളിന്റെ മതില്‍പൊളിച്ച് കളിസ്ഥലം കൂടിയെടുക്കുന്ന അവസ്ഥയിലാണ്.