റോട്ടർഡാം: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം സ്പെയിൻ സ്വന്തമാക്കി. ഫൈനലിൽ ക്രൊയേഷ്യയെ ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം.
ആറാം റൗണ്ട് കിക്കിൽ ഡാനി കാർവഹാലിന്റെ പനേങ്ക പെനാൽറ്റി ഗോളിലൂടെ 5-4നായിരുന്നു സ്പെയിനിന്റെ ജയം.
ആദ്യ അഞ്ച് കിക്ക് കഴിഞ്ഞപ്പോൾ 4-4 സമനിലയായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിത സമനിലയായതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടണ്ടത്.
2018 ഫിഫ ലോകകപ്പിനുശേഷം ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയ്ക്ക് മറ്റൊരു ഫൈനൽ തോൽവിയും.
ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിൻ നീണ്ട 11 വർഷത്തിനുശേഷമാണ് ഒരു ട്രോഫി സ്വന്തമാക്കുന്നത്. 2012 യൂറോ കപ്പിനുശേഷം സ്പെയിനിന്റെ ആദ്യകിരീടം.
2021ൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും ഫ്രാൻസിനു മുന്നിൽ സ്പെയിൻ കീഴടങ്ങിയിരുന്നു. സ്പെയിനിന്റെ അഞ്ചാമത് ട്രോഫിയാണ്. 2010 ഫിഫ ലോകകപ്പ്, യൂറോ 1964, 2008, 2012 ട്രോഫികളാണ് മുന്പ് സ്പെയിൻ സ്വന്തമാക്കിയത്.