കാട്ടാക്കട: പൂവച്ചൽ നാടുകാണിയിൽ നാടൻ ബോംബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സാമൂഹ്യവിരുദ്ധരെ കേന്ദ്രീകരിച്ച്.
ഈ ഭാഗത്ത് സ്ഥിരമായി ചിലർ വന്നുപോകുന്നതും തമ്പടിക്കുന്നതും പതിവാണ്. ഇവിടെ വച്ചാണോ നിർമ്മാണമെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. കാട്ടാക്കട ഡിവൈഎസ്്പിയുടെ നേത്യത്വത്തിലാണ് അന്വേഷിക്കുന്നത്.
ഗുണ്ടകൾ ഇവിടെ വന്നുപോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുരയിടത്തിന്റെ സമീപം 20 വർഷങ്ങളായി താമസമില്ലാത്ത വീട്ടിൽ സമൂഹ്യ വിരുദ്ധർ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സന്ധ്യ മയങ്ങിയാൽ ഈ കെട്ടിടത്തിൽ നിന്നും കൂവലും വിളികളും അട്ടഹാസങ്ങളും കേൾക്കാറുണ്ടെന്നും സ്ത്രീകൾ ഉൾപ്പെടെ അജ്ഞാതർ പലപ്പോഴും രാത്രികളിൽ പോലും എത്തുന്നു എന്നും പരാതി ഉയരുന്നു.
നാട്ടിലെ കുപ്രസിദ്ധഗുണ്ടകൾ വീടാക്രമണത്തിനും മറ്റും നാടൻ ബോംബാണ് ഉപയോഗിക്കാറ്. ശനിയാഴ്ചയാണ് നാടുകാണിയിൽ തൊഴിലുറപ്പ് ജോലിക്കിടെ ഉഗ്ര ശേഷിയുള്ള നാടൻ ബോംബ് കണ്ടെത്തിയത്.
ഒരേക്കറോളം വരുന്ന പുരയിടത്തിൽതൊഴിലുറപ്പ് തൊഴിലാളികൾ കുടിക്കാൻ വെള്ളം ചൂടാക്കാനായി വിറകു ശേഖരിക്കുന്നതിനിടെ ഒട്ടുകറ ശേഖരിക്കുന്ന റബ്ബർ ചിരട്ട കമിഴ്ത്തി വച്ച നിലയിൽ ബോംബ് കണ്ടത്. ചിരട്ടക്ക് അടിയിൽ മഞ്ഞ ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിൽ ആയിരുന്നു ബോംബ് .