നാറ്റോ സൈനിക സഖ്യത്തിന് 75 വയസ്. നാറ്റോ ആസ്ഥാനമായ ബ്രസൽസിൽ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്ന് 75- ാം വാർഷികം ആഘോഷിച്ചു. കേക്ക് മുറിച്ചായിരുന്നു ആഘോഷം.
റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്നുള്ള യുഎസ് സഹായം മരവിപ്പിച്ചതിൽ നാറ്റോ ആശങ്ക പ്രകടിപ്പിച്ചു. യുക്രെയ്ന് ദീർഘകാല സൈനിക പിന്തുണ നൽകാൻ 32 അംഗരാജ്യങ്ങളും തീരുമാനിച്ചു. എന്നാൽ യുക്രെയ്ന് അംഗത്വം നൽകണമോയെന്ന കാര്യത്തിൽ ഇതുവരെ സമവായമായിട്ടില്ല.
വാഹനങ്ങൾ, ഇന്ധനം, മരുന്നുകൾ, മൈനിംഗ് ഉപകരണങ്ങൾ തുടങ്ങിയവ മാത്രമാണ് നാറ്റോ യുക്രെയ്ന് നൽകിവരുന്നത്. എന്നിരുന്നാലും, പല അംഗങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും യുക്രെയ്ന് നൽകുന്നുണ്ട്.
1949ൽ രൂപംകൊണ്ട സൈനികസഖ്യത്തില്‍ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ഐസ്ലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, നോർവേ, പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങൾ. അംഗരാജ്യങ്ങൾക്കുനേരേ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം.
രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നതു തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാര്‍ഥ ലക്ഷ്യം. സോവിയറ്റ് യൂണിയൻ തകരുമ്പോൾ 16 രാജ്യങ്ങൾ മാത്രമുണ്ടായിരുന്ന നാറ്റോയിൽ ഇന്ന് 32 അംഗങ്ങളുണ്ട്.