സ്റ്റോക്ക്ഹോം: തുർക്കിക്ക് യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകാൻ മുൻകൈയെടുത്താൽ നാറ്റോയിൽ അംഗത്വത്തിനു ശ്രമിക്കുന്ന സ്വീഡനെ പിന്തുണയ്ക്കാമെന്നു തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ.
നാറ്റോ സഖ്യത്തിൽ ചേരാനുള്ള സ്വീഡന്റെ ശ്രമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണ് വിളിച്ച ലോക നേതാക്കളുടെ യോഗത്തിനു മുന്പാണ് എർദോഗൻ നിലപാടു വ്യക്തമാക്കിയത്.
നാറ്റോയിൽ സ്വീഡനെ വേണമെന്ന് യൂറോപ്യൻ യൂണിയൻ ആഗ്രഹിക്കുന്നുവെങ്കിൽ തുർക്കിയെ യൂറോപ്യൻ യൂണിയനിൽ ചേർക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
എർദോഗന്റെ അപ്രതീക്ഷിത നീക്കം നാറ്റോയിൽ 32- ാം അംഗമാകാനുള്ള സ്വീഡന്റെ സാധ്യത അനിശ്ചിതത്വത്തിലാക്കി. എല്ലാ നാറ്റോ അംഗങ്ങളുടെയും ഏകകണ്ഠമായ അംഗീകാരം ആവശ്യമുള്ള സ്വീഡന്റെ ശ്രമത്തിന് തുർക്കിയും ഹംഗറിയും തടസമാണ്.
“50 വർഷത്തിലേറെയായി യൂറോപ്യൻ യൂണിയന്റെ വാതിൽക്കൽ തുർക്കി കാത്തിരിക്കുകയാണ്, മിക്കവാറും എല്ലാ നാറ്റോ അംഗരാജ്യങ്ങളും ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളാണ് എന്നാൽ തങ്ങളെ ഒഴിവാക്കുകയാണ്”-എർദോഗൻ പറഞ്ഞു.
തുർക്കി യൂറോപ്യൻ യൂണിയൻ അംഗത്വം ആഗ്രഹിക്കുന്നുവെന്ന് ഞായറാഴ്ച ടെലിഫോണിലൂടെ എർദോഗൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് പറഞ്ഞതായി എർദോഗന്റെ ഓഫീസ് അറിയിച്ചു.
സ്വീഡന്റെ നാറ്റോ അംഗത്വത്തെക്കുറിച്ച് ബൈഡനും എർദോഗനും നേരത്തെ സംസാരിച്ചിരുന്നുവെന്നും കൂടുതൽ ചർച്ചകൾക്കായി വിൽനിയസിൽ കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചിരുന്നുവെന്നും പാശ്ചാത്യ സഖ്യത്തിൽ അംഗമാകാനുള്ള സ്വീഡന്റെ ശ്രമത്തെക്കുറിച്ച് എർദോഗനുമായി നടത്തിയ ഫോണ് കോളിൽ സ്വീഡൻ ‘എത്രയും വേഗം’ നാറ്റോയിൽ ചേരുന്നത് കാണാനുള്ള ആഗ്രഹം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രകടിപ്പിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.
എർദോഗനും സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണും വിൽനിയസിൽ കൂടിക്കാഴ്ച നടത്തും.