കോട്ടയം: സർക്കാർ അതിഥി മന്ദിരത്തിനുസമീപം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വ്യാപക മണ്ണ് ഖനനം. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണു മണ്ണ് മാഫിയ പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. നാട്ടകത്തെ സർക്കാർ അതിഥി മന്ദിരത്തിനു മുന്നിലെ മണ്ണെടുപ്പാണ് ഇപ്പോൾ വിവാദമാകുന്നത്.
പനച്ചിക്കാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലത്താണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നല്കിയിട്ടും ആരും ഗൗനിക്കുന്നു പോലുമില്ല. ഒടുവിൽ മണ്ണു മാഫിയയുടെ കീശ നിറഞ്ഞു കഴിയുന്പോൾ അധികൃതർ രംഗത്തിറങ്ങി ഒരു സ്റ്റേ ഓർഡർ ഇറക്കും. നാട്ടുകാരെ പറ്റിക്കാൻ.
പഞ്ചായത്തിലെ ഒന്നാം വാർഡിൽ പുന്നയ്ക്കൽ കരയിൽ നാട്ടകം ഗസ്റ്റ് ഹൗസിന്റെ മുൻ ഭാഗത്തായിട്ടാണു മണ്ണുമാഫിയ അനധികൃതമായി മണ്ണെടുപ്പ് നടത്തുന്നത്. ഗസ്റ്റ് ഹൗസിന്റെ മുൻ ഭാഗത്തായി ഏകദേശം 150 അടി ഉയരത്തിൽ വരെ മണ്ണെടുത്തു കഴിഞ്ഞു. മഴക്കാലമെത്തിയാൽ ഗസ്റ്റ് ഹൗസിന്റെ മുൻവശത്തെ മതിൽ ഇടിഞ്ഞ് അപകടമുണ്ടാകാവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ഒരു മാസക്കാലമായി മണ്ണെടുപ്പ് തുടരുകയാണ്. നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും റവന്യു അധികൃതർ സ്ഥലം സന്ദർശിക്കാനോ നാട്ടുകാരുടെ പരാതി സ്വീകരിക്കാനോ തയാറായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്തിൽ വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ പ്രദേശത്ത് ആർക്കും മണ്ണെടുപ്പിന് അനുമതി നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ നൽകിയിരിക്കുന്ന വിവരം.
ഇനി മണ്ണെടുപ്പ് തുടർന്നാൽ ഗസ്റ്റ് ഹൗസ് കെട്ടിടവും സമീപത്തെ വീടുകളും അപകടാവസ്ഥയിലാകും. അനധികൃത മണ്ണെടുപ്പിനെതിരെ ജനപ്രതിനിധികൾ രംഗത്തെത്തുന്നില്ലെന്നും ശ്രദ്ദേയമാണ്. മണ്ണെടുപ്പിനെത്തുടർന്ന് നാട്ടുകാർ വീണ്ടും കളക്ടറെ സമീപിക്കാനൊരുങ്ങുകയാണ്.