കോട്ടയം: നാട്ടകം- പാറോച്ചാൽ ബൈപ്പാസ് റോഡ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. മൂക്കുപൊത്താതെ പുറത്തിറങ്ങാനാവില്ലെന്നാണു പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി നാട്ടകം പാറോച്ചാൽ ബൈപ്പാസ് റോഡിൽ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിക്കൊണ്ടുവന്നു തള്ളുന്നതു നിത്യസംഭവമായിരിക്കുകയാണ്. കോഴി, പച്ചക്കറി മാലിന്യങ്ങൾ ഭക്ഷണാവശിഷ്്ടങ്ങളും ഉൾപ്പെടെയുള്ളവയാണ് രാത്രിയിൽ എത്തിച്ചു തള്ളുന്നത്.
മഴക്കാലമായതോടെ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് വൻ ദുർഗന്ധമാണ് വമിക്കുന്നത്. ഇതോടെ പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടിലാണ്. മാലിന്യങ്ങൾ തള്ളുന്നതു വർധിച്ചതോടെ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർക്കു മുക്കൂപൊത്താതെ വീടുകളിൽ പോലും ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
പ്രദേശവാസികൾ മാലിന്യങ്ങൾ തള്ളുന്ന സാമൂഹിക വിരുദ്ധർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം നഗരസഭ അധികൃതർക്കു പരാതി നല്കിയിട്ടും തുടർനടപടികളുണ്ടായിട്ടില്ല. ഇവിടങ്ങളിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങളിൽ നിന്നും തീറ്റ തേടിയെത്തുന്ന തെരുവുനായ്ക്കളും വർധിച്ചതോടെ നാട്ടുകാരുടെ ബുദ്ധിമുട്ട് വർധിച്ചു്.
ബൈപ്പാസ് റോഡിലുടെ തലങ്ങും വിലങ്ങും പായുന്ന തെരുവുനായ്ക്കൾ ബൈക്ക് യാത്രക്കാർക്ക് ഉയർത്തുന്ന ഭീഷണിയും ചെറുതല്ല. അതിരാവിലെ ബൈപ്പാസ് റോഡിലുടെ നടക്കാനിറങ്ങുന്നവരെയും തെരുവു നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്ന പതിവുമുണ്ട്.
രാത്രികാലങ്ങളിൽ തള്ളുന്ന മാലിന്യങ്ങൾ പലപ്പോഴും കണ്ടെത്തുന്നതു പാതിവായി രാവിലെ നടക്കാനിറങ്ങുന്നവരാണ്. സാമൂഹിക വിരുദ്ധരെയും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെയും പിടികൂടുന്നതിനായി പ്രദേശത്ത് സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.
കാമറകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ മാലിന്യങ്ങൾ തള്ളുന്നവരുടെ ശല്യം ഒഴിവാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടു വീണ്ടും നഗരസഭ അധികൃതർ പരാതി നല്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.