കോട്ടയം: ഉൾനാടൻ ജലഗതാഗതത്തിനു പുത്തൻ ഉണർവ് നൽകി കോട്ടയത്തുനിന്ന് ആദ്യ കണ്ടെയ്നർ ഇന്നുച്ചയ്ക്ക് പുറപ്പെടും. ആദ്യസംരംഭമായി പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഡെവണ്‍ ഫുഡ് പ്രൊഡക്ടിന്റെ ആട്ട ഉൽപ്പന്നങ്ങളും ടിജെപി റബർ ഇൻഡസ്ട്രീസിന്റെ റബർ മാറ്റ് ഉൽപ്പന്നങ്ങളുമാണ് കണ്ടെയ്നറിൽ അയയ്ക്കുക.
റബർ ഉൽപ്പന്നങ്ങൾ ഫ്രാൻസിലേക്കും ഭക്ഷണ സാധനങ്ങൾ സൗദി അറേബ്യയിലേക്കുമാണ് കയറ്റുമതി ചെയ്യുക. നാട്ടകം പോർട്ടിൽനിന്നും കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നതിനൊപ്പം ബാർജിന്റെ സഹായത്തോടെ കൊച്ചിയിലെത്തിച്ചു വിദേശത്തേക്കു കൊണ്ടുപോകുകയാണ്.
നാട്ടകം ർട്ടിൽനിന്നു വേന്പനാട് കായലിലൂടെ ആറു മണിക്കൂർ യാത്രചെയ്താണു കൊച്ചി ഷിപ്പ്യാർഡിൽ ബാർജ് എത്തുക. റബർ മാറ്റ് അഞ്ചേരിൽ ഏജൻസിസിന്റെ സഹായത്തോടെയാണ് ടിജെപി വിദേശത്തെത്തിക്കുക. കൊച്ചി ചക്യാട്ട് ഏജൻസീസാണു ഡെവണിന്റെ ഭക്ഷണ സാധനങ്ങൾ സൗദിയിലെത്തിക്കുക.
ഒരുമാസം മുന്‍പ് നാട്ടകം പോർട്ടിന്റെ സഹായത്തോടെ വിദേശത്തുനിന്ന് സിമന്റ് കോട്ടയത്തെത്തിച്ചിരുന്നു. നാട്ടകം പോർട്ടിന്റെ ബാർജിൽ മൂന്നു കണ്ടെയ്നർ സാധനങ്ങൾ കൊച്ചി ഷിപ്പിയാർഡിലെത്തിക്കാനാണു പോർട്ട് ട്രസ്റ്റ് അധികൃതർ ശ്രമിക്കുന്നത്. ഇന്നു ഉച്ചയോടെ നാട്ടകം പോർട്ടിൽനിന്നും സാധനങ്ങൾ കയറ്റി അയയ്ക്കും. ഗതാഗത ചെലവ് 40 ശതമാനം വരെ കുറയുമെന്ന് വ്യവസായികൾ പറയുന്നു.