കോട്ടയം: 1983 കാലത്ത് ജില്ലയിലെ കെഎസ്യുവിന്റെ ചുറുചുറുക്കുള്ള പയ്യൻമാരിൽ നിരവധി സുരേഷുമാരുണ്ടായിരുന്നു. ഒരുപാട് സുരേഷുമാർ ഉണ്ടായിരുന്നതിനാൽ അതിലെ ഒരു സുരേഷിനെ എല്ലാവരും വിളിച്ചിരുന്നത് നാട്ടകത്തെ സുരേഷ് എന്നായിരുന്നു.
നാട്ടകത്തെ സുരേഷ് എന്ന വിളിപ്പേരാണ് പിന്നീട് നാട്ടകം സുരേഷായി മാറുന്നത്.കെഎസ്യുവിന്റെ പഴയ മുന്നണി പോരാളി ഇന്ന് കോട്ടയത്തെ കോണ്‍ഗ്രസിന്റെ തേര് തെളിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
ചുവപ്പു കോട്ടയായ നാട്ടകത്തെ ത്രിവർണശോഭയിലെത്തിച്ചാണ് നാട്ടകം സുരേഷ് കോണ്‍ഗ്രസിലെ പോരാളിയായി മാറുന്നത്.നാട്ടകം മറിയപ്പള്ളി ഗവണ്മെന്റ് സ്കൂളിൽ കെഎസ്യുവിന്റെ നീല പതാകയുമായി രാഷ്്ട്രീയത്തിലേക്ക് കടന്നു വന്ന സുരേഷ് നിലവിൽ കെപിസിസിയുടെ സെക്രട്ടറിയാണ്.
കെഎസ്യു യൂണിറ്റ് പ്രസിഡന്റ്, താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച നാട്ടകം സുരേഷ് ജില്ലയിലെ കോണ്‍ഗ്രസിലെ പോരാളികളിൽ ഒരാളുമാണ്.
15 വർഷം ജനപ്രതിനിധിയായി പ്രവർത്തിച്ച ഇദ്ദേഹം കമ്മ്യൂണിസ്റ്റ് കോട്ടയായ നാട്ടകം പഞ്ചായത്തിൽ രണ്ടു ടേം പ്രസിഡന്റായിട്ടുണ്ട്. കോട്ടയം മുനിസിപ്പൽ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്വന്തം പാർട്ടിയിൽ നിന്നും തന്നെ നിരവധി ആരോപണങ്ങളും പ്രത്യോരോപണങ്ങളും ഉണ്ടായെങ്കിലും അതിനെയെല്ലാം തന്റെ പ്രവർത്തന മികവുകൊണ്ട് മറികടന്നാണ് സുരേഷ് ജില്ലയിലെ കോണ്‍ഗ്രസിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചത്.
1997 കാലത്ത് ലോഡ്ഷെഡിംഗ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടർന്ന് ഉമ്മൻ ചാണ്ടിക്കൊപ്പം രണ്ടു മാസം ജയിൽ വാസം അനുഷ്്ഠിച്ച സുരേഷ് ജില്ലയിലെ കോണ്‍ഗ്രസിലെ സമരമുഖങ്ങളിലെ പോരാളിയാണ്.ഭാര്യ: ഗംഗ കോട്ടയം കാർഷിക വികസന ബാങ്കിലെ ജീവനക്കാരിയാണ്.
ലക്ഷ്മി (എംബിബിഎസ് വിദ്യാർഥി), ദേവ (ആലപ്പുഴ പോളി കാർമൽ പോളിടെക്നിംഗ് വിദ്യാർഥി) എന്നിവർ മക്കളാണ്.
‘കോണ്‍ഗ്രസിനെ ജില്ലയിലെ വലിയ പാർട്ടിയാക്കും’നാട്ടകം സുരേഷ് രാഷ്്ട്രദീപികയോട്
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പ് പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രാഷ്്ട്രദീപികയോടു പറഞ്ഞു.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പ്രസ്താവനകൾ മുതിർന്ന നേതാവ് എന്ന നിലയിൽ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്.
എന്റെയും ജില്ലയിലെ കോണ്‍ഗ്രസ് പ്രവർത്തകരുടെയും രക്ഷകർത്താവാണ് ഉമ്മൻ ചാണ്ടി. കോണ്‍ഗ്രസിൽ കഴിവുളള നിരവധി നേതാക്കളുണ്ട്. ഒരുപാട് പേരുടെ പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വരും. അവരിൽ ഒരാളെ തെരഞ്ഞെടുക്കുക മാത്രമാണ് ചെയ്യുന്നത്. എന്നോർത്ത് ബാക്കിയുളളവർ മോശക്കാരല്ല.
ബൂത്തു തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തും. കേരള കോണ്‍ഗ്രസ്-എം മുന്നണി വിട്ടത് വെല്ലുവിളിയായി കാണുന്നില്ല. കേരള കോണ്‍ഗ്രസ്-എം ജില്ലയിലെ വലിയ ശക്തിയല്ല. ഇതിന്റെ തെളിവാണല്ലോ പാലാ, കടുത്തുരുത്തി വിജയങ്ങൾ.
ജില്ലയിലെ ഏറ്റവും വലിയ പാർട്ടിയായി കോണ്‍ഗ്രസിനെ മാറ്റും. ഗ്രൂപ്പുകളുടെയും നേതാക്കളുടെയും എതിർപ്പുകൾ തടസമാകില്ലെന്നും എതിർപ്പുകളിൽ അടിസ്ഥാനപരമായി കാര്യമുണ്ടെങ്കിൽ പരിശോധിച്ച് എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കും.
കെഎസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.