കോട്ടയം: ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് രണ്ടാഴ്ച പിന്നിടുന്പോഴേക്കും രണ്ട് നഗരസഭകളിൽ യുഡിഎഫിനു ഭരണം നഷ്ടമായത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനു തലവേദനയാകുന്നു.
കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ കെപിസിസിയും യുഡിഎഫും ഏറ്റെടുക്കുന്പോഴാണ് ജില്ലയിലെ രണ്ടു നഗരസഭകൾ യുഡിഎഫിനു നഷ്്ടമാകുന്നത്.
ഈരാറ്റുപേട്ടയിൽ ഭരണം നഷ്്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ കാര്യമായി നടത്തിയില്ലെന്ന് ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. അതേ പോലെ കോട്ടയം നഗരസഭയിലെ കോണ്‍ഗ്രസിലെ പാളയത്തിലെ പട അവസാനിപ്പിക്കാനും ഡിസിസി നേതൃത്വത്തിനു കഴിഞ്ഞില്ലെന്നു വിമർശനമുണ്ട്.
കോട്ടയത്ത് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. പലരും അവിശ്വാസത്തെ അനുകൂലിക്കുന്ന സ്ഥിതിയുണ്ടാകുന്നതു മുന്നിൽ കണ്ടാണ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനമെടുത്തത്.
ഒരു മാസത്തിനുള്ളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായി ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ നാട്ടകം സുരേഷ് ഏറെ വിയർക്കേണ്ടി വരും.
കോട്ടയത്തെ പിന്തുണ: ബിജെപിയിൽ ഭിന്നത
കോട്ടയം: കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതിൽ ബിജെപി കൗണ്‍സിലർമാർക്കിടയിൽ ഭിന്നത. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പിന്തുണയ്ക്കേണ്ടെന്ന പ്രഖ്യാപിത നയത്തിനു വിരുദ്ധമായി സിപിഎമ്മിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണ് ബിജെപിയിൽ അഭിപ്രായ ഭിന്നതയുണ്ടാക്കിയിരിക്കുന്നത്.
ബിജെപി ജില്ലാ നേതൃത്വത്തിലും ഇതു സംബന്ധിച്ച് രണ്ടു ചേരി രൂപപ്പെട്ടിട്ടുണ്ട്. അവിശ്വാസിത്തിനു രണ്ടു ദിവസം മുന്‍പ് ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും മധ്യകേരള സെക്രട്ടറി ടി.എൻ. ഹരികുമാറും നഗരസഭയിലെ എട്ട് കൗണ്‍സിലർമാരെയും വിളിച്ചുവരുത്തി സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തു.
എട്ട് അംഗങ്ങളും ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെതിരെയാണ് വിഷയങ്ങൾ ധരിപ്പിച്ചത്. ഇതോടെ ഇവർക്കെതിരെയുള്ള അവിശ്വാസത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു.
തുടർന്നു ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനെ വിഷയം ധരിപ്പിച്ചു പിന്തുണ തേടുകയായിരുന്നു. വ്യാഴാഴ്ച രാത്രി വൈകി സംസ്ഥാനനേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെയാണ് അവിശ്വാസത്തെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനിച്ചത്.