സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് നാട്ടാന മോണിറ്ററിംഗ് സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഉത്സവങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും നാട്ടാനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍, ആനയ്ക്ക് നേരേയുള്ള അതിക്രമങ്ങള്‍ എന്നിവ തടയാനാണ് നാട്ടാന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
നാട്ടാന പീഡനം ഒഴിവാക്കാനായി ജില്ല കളക്ടര്‍ നിയമിക്കുന്ന ആറുപേര്‍ സമിതിയില്‍ വേണമെന്നാണു നിഷ്കര്‍ഷിക്കുന്നത്.ആന ഉടമ സംഘടനാ ഭാരവാഹി, ഉത്സവ സംഘാടക കമ്മിറ്റിയംഗം, പാപ്പാന്മാരുടെ രണ്ടു സംഘടനകളില്‍നിന്നും ഓരോ ആളുകള്‍ വീതം, ജന്തു ദ്രോഹ നിവാരണ സമിതി പ്രതിനിധി, മൃഗസംരക്ഷ സംഘടനയിലെ ഒരാള്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരിക്കേണ്ടത്.
സമിതിയിലേക്ക് വേണ്ട ഭാരവാഹികള്‍ കളക്ടര്‍ക്ക് അപേക്ഷ നല്കി അതാത് ജില്ല കളക്ടര്‍മാരാണ് ഇവരുടെ നിയമനം നടത്തുന്നത്.എന്നാല്‍ 2012 മുതല്‍ ഈ രീതിക്ക് മാറ്റം വന്നിരിക്കുകയാണ്.
കളക്ടറുടെ നിയന്ത്രണത്തിലായിരുന്ന ജന്തു ദ്രോഹ നിവാരണ സമിതി പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷനാക്കി രൂപീകരിച്ചു.
എന്നാല്‍ നായകളിലെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട പദ്ധതിയിലെ അഴിമതിയെ തുടര്‍ന്ന് ഹൈക്കോടതി പതിനാലു ജില്ലകളിലെയും ജന്തുദ്രോഹ നിവാരണ സമിതി പിരിച്ചുവിട്ടു.
നിലവില്‍ നാട്ടാന മോണിറ്ററിംഗ് സമിതി യോഗം ഉത്സവ സംഘാടകരുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പ്രതിനിധി യോഗത്തില്‍ പങ്കെടുക്കാറില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, 2015 ഓഗസ്റ്റ് 18-ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2015 ഡിസംബറിനു മുന്നേതന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും നാട്ടാന മോണിറ്ററിംഗ് സമിതിയുടെ രജിസ്ട്രേഷന് ലഭ്യമല്ലാത്ത പുതിയ ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലായെന്നാണ്.
എന്നാല്‍ പല ജില്ലകളിലെയും നാട്ടാന മോണിറ്ററിംഗ് സമിതി നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല.പാറമേക്കാവ് ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഉത്സവം പുതിയത് ആയതിനാല്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കില്ലെന്നു കാണിച്ച് സംസ്ഥാന വനം സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് കത്ത് അയയ്ക്കുകയുണ്ടായി.
ഫെബ്രുവരി പത്തിന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി സമര്‍പ്പിച്ച കത്തു പ്രകാരം പാറമേക്കാവ് ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയ്ക്ക് ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്കിയാല് അത് സുപ്രീംകോടതി ഉത്തരവുകളുടെയം വനം വന്യജീവി വകുപ്പിന്റെ നിര്ദേശങ്ങളുടെയം ലംഘനമാണെന്നാണ് വനം സെക്രട്ടറി പറയുന്നത്.
2020 നവംബറില്‍ മലപ്പുറത്തു നടന്ന നാട്ടാന മോണിറ്ററിംഗ് സമിതി യോഗത്തില്‍ 84 പുതിയ ക്ഷേത്രോത്സവങ്ങള്ക്കുകൂടി ആനകളെ ഉപയോഗിക്കാന്‍ അനുമതി നല്കുകയുണ്ടായി.
നിയമവിരുദ്ധമായ ഈ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹെറിറ്റേജ് അനിമല്‍ ടാസ്ക്ഫോഴ്സ് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുകയാണ്.