മുണ്ടക്കയം: നാടിളക്കിയ നാട്ടുചന്ത നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മുണ്ടക്കയം പോലീസ് സ്റ്റേഷനു സമീപം ദേശീയപാതയിൽ നായനാർ ജംഗ്ഷനിൽ നടക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് ‘പഴമയുടെ പുതുമ ’യെന്ന ആശയവുമായി മുണ്ടക്കയം ഫാർമേഴ്സ് സൊസൈറ്റി നാടൻ ചന്ത തുടങ്ങിയത്. പതിനായിരത്തോളം പേർ ഉദ്ഘാടനദിവസം ചന്ത സന്ദർശിച്ചു.
40 വർഷം മുന്പ് പുത്തൻചന്തയിൽ നിലച്ചുപോയ ചന്തയുടെ ഓർമകളുമായി എത്തിയവർക്ക് ആവേശകരമായിരുന്നു സ്റ്റാളുകൾ. മുൻ എംഎൽഎ കെ ജെ തോമസ് നാടിനായ് തുറന്നു നൽകിയ നാടൻ ചന്ത കൗതുകങ്ങളാൽ സന്ദർശകരെ അദ്ഭുതപ്പെടുത്തിയിരുന്നു. കുപ്പിയുമായെത്തുന്നവർക്ക് അവരുടെ കണ്മുന്നിൽ പാൽ കറന്നു കൊടുത്തത് ശ്രദ്ധിക്ക പ്പെട്ടു. നാടൻ ചന്തയുടെ സെക്രട്ടറി പി എൻ സത്യനാണ് തന്റെ പശുവിനെ ചന്തയിലെത്തിച്ച് പാൽ കറന്നു നൽകിയത്.
സൊസൈറ്റി വൈസ് പ്രസിഡന്റ് റജീന റഫീക്കിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, ആവശ്യക്കാർ ചൂണ്ടിക്കാട്ടുന്ന ഓടിക്കളിക്കുന്ന മീൻ പിടിച്ച് അപ്പോൾത്തന്നെ കറിവെച്ചു നൽകി. ജീവനുള്ള ആറ്റുമീൻ, കരിമീൻ എന്നിവ വാങ്ങാൻ വൻ തിരക്കായിരുന്നു.വില കുറച്ചു വിറ്റ പോത്തിറച്ചിയോടൊപ്പം ഈ ആഴ്ച ആട്ടിറച്ചിയും ഉണ്ടാവും.
മായം കലരാത്ത മസാല പൊടികൾ, ധാന്യ പൊടികൾ, അച്ചാറുകൾ, മറയൂർ ശർക്കര, മാർത്താണ്ഡം കരുപ്പെട്ടി, ഗുണ മേന്മയേറിയ തേയില പൊടി, ജൈവ പച്ചക്കറികൾ, തത്സമയം ഉണ്ടാക്കി നൽകുന്ന ഉണ്ണിയപ്പം, നാടൻ പലഹാരങ്ങൾ, ചക്ക വിഭവങ്ങൾ, തേൻ, തേൻ വിഭവങ്ങൾ, ക്ലീനിംഗ് സാധനങ്ങൾ, പായസം, കപ്പയും ചമ്മന്തിയും, പൊതിച്ച് നൽകുന്ന തേങ്ങ, കാന്തല്ലൂർ വെളുത്തുള്ളി, വട്ടവട കൊടംപുളി, കത്തികൾ, കാർഷിക ഉപകരണങ്ങൾ, ജൈവ വളങ്ങൾ, ഉണക്കമീൻ, നാടൻ കോഴി, ആട് ലേലം, ചട്ടിയും കലവും, കൊട്ട, വെച്ചൂർ പശുവിന്റെ പാൽ, തൈര്, നെയ്യ്, ആട്ടിൻപാൽ എന്നിവയോടൊപ്പം ഏതൊരാൾക്കും പഴയ പാട്ടുകൾ പാടാനും സംഗീതോ പകരണങ്ങൾ ഉപയോഗിക്കാനും പ്രത്യേക കൗണ്ടർ.
ഈ ആഴ്ച നാടൻ ചന്ത സന്ദർശിക്കുന്നവരിൽ ഒരു ഭാഗ്യശാലിക്ക് ആട്ടിൻകുട്ടിയെ നൽകുന്നു. മുണ്ടക്കയത്തിന്റെ വാണിജ്യ സംസ്കാരത്തിന് വൻ കുതിപ്പ് പകർന്നിരിക്കയാണ് നാടൻചന്ത.