പൂച്ചാക്കൽ: നാട്ടുതോടുകളിൽ മാലിന്യം നിറഞ്ഞതിനാൽ ഒഴുക്കു നിലച്ച് പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടാൻ തുടങ്ങി. കാലവർഷം ശക്തിപ്രാപിച്ചപ്പോൾ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
ചെറുതോടുകളിൽനിന്നും മഴവെള്ളം ഒഴുകിപ്പോകാൻ പറ്റാത്തതാണ് പ്രദേശത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടാൻ കാരണം. തോടുകൾ വൃത്തിയാക്കുന്നതിനായി പല പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒരു കാലത്ത് നാടിന്റെ തന്നെ ശുദ്ധജല സ്രോതസുകളായിരുന്ന നാട്ടുതോടുകൾ ഇന്ന് മാലിന്യവാഹിനികളായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഫലപ്രാപ്തിയില്ലാത്ത പല പദ്ധതികൾക്കും സർക്കാർ കോടികൾ ചെലവഴിക്കുന്പോഴും നാട്ടുതോടുകൾ മാലിന്യക്കൂന്പാരങ്ങളായി നാശത്തിന്റെ വക്കിലാണ്. വേന്പനാട്ടുകായലുമായി ബന്ധിച്ച് തൈക്കാട്ടുശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ കിലോമീറ്ററുകളോളം കടന്നുപോകുന്ന പൂച്ചാക്കൽ നാട്ടുതോട് ഒരുകാലത്ത് പ്രദേശത്തിന്റെ തന്നെ ശുദ്ധജല സ്രോതസുകളിൽ ഒന്നായിരുന്നു.
എന്നാൽ, ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞ് പകർച്ചവ്യാധികൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും ഭീഷണിയാകുന്ന ഒന്നായി മാറിയിരിക്കുന്നു. മാലിന്യങ്ങളാലും കൈയേറ്റം മൂലവും തോടുകൾ ഇല്ലാതാകുന്നതിനാൽ ആദ്യ മഴയോടെ വെള്ളം ഒഴുകിപ്പോകാനാവാതെ പ്രദേശമാകെ വെള്ളക്കെട്ട് രൂപപ്പെടുന്നു.
മാലിന്യവാഹിനികളായ തോടുകളും കുളങ്ങളും ശുചീകരിക്കണമെന്ന സർക്കാർ നിലപാട് ഇവിടെ പാലിക്കപ്പെടുന്നില്ല. മാസങ്ങൾക്കു മുന്പ് തൈക്കാട്ടുശേരി പഞ്ചായത്തിലെ മാലിന്യം നിറഞ്ഞ തോടുകൾ ശുചീകരിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും ലക്ഷ്യം കാണാതെ പോയി.
പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നും ആറു ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്തിലെ മൂന്ന്, നാല്, പതിമ്മൂന്ന് എന്നീ വാർഡുകളിലെ തോടുകളിലെ മാലിന്യം നീക്കാനായിരുന്നു ലക്ഷ്യം. പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പദ്ധതി നടപ്പിലാക്കാനായിരുന്നു പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.
എന്നാൽ, പ്രവൃത്തി തുടങ്ങിയപ്പോൾ പരിസരവാസികളും സന്നദ്ധ സംഘടനകളുടെയും സഹായം ലഭിക്കാതിരുന്നതിനാൽ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുതോടുകളിലേക്ക് രാത്രി -പകൽ വ്യത്യാസമില്ലാതെ മാലിന്യം തള്ളാൻ തുടങ്ങിയതോടൈ നാട്ടുതോടുകളുടെ മരണമണി മുഴങ്ങിയിരി ക്കുകയാണ്.
നാട്ടുതോടുകൾ മാലിന്യമുക്തമാക്കാനും തോടുകളിൽ കുളിക്കടവുകൾ സ്ഥാപിച്ച് നിരന്തര ഉപയോഗമാക്കി മാറ്റി നാടിന്റെ ജീവജലം വഹിക്കുന്ന തോടുകളായി സംരക്ഷിന്നതിനായിട്ടുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.