കുമരകം: പാടത്തും തോട്ടിലും വിഷ വസ്തുക്കളുടെ അളവ് കൂടിയതോടെ നാട്ടുമീനും ഇല്ലാതാക്കുന്നു. പരന്പരാഗത രീതിയിൽ മത്സ്യം പിടിക്കുന്നതിനായി രണ്ടു വള്ളങ്ങളിൽ 25 കൂടകളുമായി കുമരകത്തെത്തിയ കൈനടി സ്വദേശികളായ മത്സ്യസ്യതൊഴിലാളികൾ ഇന്നലെ നിരാശരായി മടങ്ങി.
കൂട ഉപയോഗിച്ചു നാടൻ മത്സ്യങ്ങളെ പിടിക്കാനെത്തിയ കൈനടി ചക്കച്ചംപാക്ക കൊടകുത്തും മൂല അനിയൻ, പുതുക്കേരി രാജേഷ് കിഴക്കംവേലി എന്നിവരാണ് വെറും കൈയ്യോടെ മടങ്ങിയത്. കാരി, വരാൽ, കല്ലട , കുരി. പുളാൻ ,ആരോൻ തുടങ്ങിയ മത്സ്യങ്ങളെ കൂട ഉപയോഗിച്ച് പിടിച്ചു ഉപജീവനം നടത്തുന്നവരാണിവർ.
കുട്ടനാടൻ പാടശേഖരങ്ങൾ കൃഷി ഇറക്കുന്നതിനായി വെള്ളം വറ്റിക്കുന്പോഴാണ് സാധരണമായി ഇവർ മത്സ്യ ബന്ധനത്തിനെത്തുന്നത്. മുൻ കാലങ്ങളിൽ ധാരാളം നാടൻ മീനുകൾ ഇവരുടെ കൂടയിൽ കുടുങ്ങുമായിരുന്നു. എന്നാൽ പാടശേഖരങ്ങളലെ കീടനാശിനി പ്രയോഗങ്ങളും കളനാശിനി പ്രയോഗങ്ങളും മൂലം നാടൻ മത്സ്യസ്യങ്ങളിലേറയും ഇല്ലാതായി. രാവന്തിയോളം പണിയെടുത്താലും നിത്യവ്യത്തിക്കുള്ള പണത്തിനുള്ള മത്സ്യം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് മത്സ തൊഴിലാളികൾ പറയുന്നത്.
ഇടവട്ടം പാടത്തും മങ്കുഴിയിലും കൊല്ലകരിയിലും 25 കൂടകൾ ഉപയോഗിച്ചു നടത്തിയ മത്സ്യ ബന്ധനം പരാജയപ്പെട്ടതോടെ ഇവർ നിരാശരായി മടങ്ങി. നാമമാത്രമായി ഏതാനും കാരികൾ മാത്രമണ് ലഭിച്ചത്. നാട്ടുമീനിന്റെ ലഭ്യത കുറവ് ഇതുവരെ ഇത്ര ഭീകരമായിട്ടുണ്ടായിട്ടില്ല എന്നാണ് വർഷങ്ങളായി ഈ രംഗത്തുള്ളവർ പറയുന്നത്.