വടക്കഞ്ചേരി: തനിനാടൻ നാട്ടുമാവിന്റെ കണ്ണിമാങ്ങയ്ക്ക് (കടുമാങ്ങ) വൻഡിമാന്റ്. തണ്ടുമാറ്റി കിലോയ്ക്ക് 150 രൂപ വരെ വിലമതിക്കുന്ന ഈ അച്ചാരകുഞ്ഞൻ മോഹവിലയ്ക്കാണ് പലരും വാങ്ങിക്കുന്നത്. പുതുവിളകളില്ലാത്ത ചില പഴയ പറന്പുകളിൽ മാത്രമാണ് ഈ അപൂർവയിനം മാങ്ങ ഇപ്പോഴുമുള്ളത്.
ഇതിന്റെ ഞെട്ടി പൊട്ടിച്ചാലുള്ള മണംമതി പിന്നെ ഉൗണിന് മറ്റു കറികളൊന്നും വേണ്ടെന്നാണ് നാട്ടുമാങ്ങയുടെ ഗുണം അറിയുന്നവർ പറയുന്നത്.ഒരുകുലയിൽ തന്നെ അറുപതും എഴുപതും മാങ്ങയുണ്ടാകും. നിശ്ചിത വലിപ്പത്തിനുള്ളിൽ തന്നെ പൊട്ടിച്ചെടുത്ത് അച്ചാറിനായി പാകപ്പെടുത്തണം.
കൊതിയൂറുന്ന രുചിയാണ് ഈയിനം മാന്പഴത്തിനും. മൂക്കിൽ തുളച്ചുകയറുന്ന മണമുണ്ടാകും. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ വടക്കഞ്ചേരി ടൗണിലുള്ള ഇക്കോ ഷോപ്പും ഈ അച്ചാർ മാങ്ങ എത്തുന്നുണ്ട്.
രാവിലെ കർഷകർ കൊണ്ടുവരുന്ന മാങ്ങ ഉച്ചയോടെ തന്നെ അവസാനിക്കും. അത്രയേറെ ആവശ്യക്കാരുണ്ട് ഈ മാങ്ങയ്ക്ക്. രണ്ടും മൂന്നും കിലോ തലേദിവസംതന്നെ ബുക്ക് ചെയ്യുന്നവരും കുറവല്ല. അന്യംനിന്നു പോകുന്ന മാങ്ങ ഇനങ്ങളിലെ ഒരിനമാണിത്.