ചിലപ്പോഴൊക്കെ ഇന്റര്‍നെറ്റ് നമ്മെ അത്ഭുതകരമായ രീതിയില്‍ ഞെട്ടിക്കാറുണ്ട്. അത്തരത്തില്‍ ഇന്റര്‍നെറ്റില്‍ കണ്ട ഒരു കാഴ്ചയില്‍ ഞെട്ടിയിരിക്കുകയാണ് മലയാളികളിപ്പോള്‍. കാര്യം മറ്റൊന്നുമല്ല, അനുദിന ജീവിതത്തില്‍ സ്ഥിരമായി നാം കാണുന്ന, വേസ്റ്റ് എന്ന് വിളിച്ച് നാം തള്ളിക്കളയുന്ന ഒരു വസ്തുവിനെ വന്‍ വിലയില്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് കണ്ടാല്‍ ആരായാലും ഞെട്ടി പോവില്ലേ.
അതുപോലെ തന്നെ ഓര്‍ഗാനിക് എന്ന് പേരിട്ട് വിളിക്കുന്ന എന്തും വന്‍ തുക കൊടുത്ത് കണ്ണുംപൂട്ടി വാങ്ങാന്‍ ആളുണ്ട് എന്നതും ഏത് പാഴ് വസ്തുവും ഒരു കാലത്ത് വന്‍ ഡിമാന്‍ഡുള്ള വസ്തുവായി മാറാം എന്നതിന്റെ സൂചനയുമാണ് നല്‍കുന്നത്. മറ്റൊന്നുമല്ല, ഉപയോഗം കഴിഞ്ഞ് നാം പൊതുവേ വലിച്ചെറിഞ്ഞ് കളയുന്ന ചിരട്ടയുടെ കാര്യമാണ് പറഞ്ഞു വരുന്നത്.
ചിരട്ടയുടെ വിലയാണ് ഇത് കണ്ട മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. 3000 രൂപയാണ് ആമസോണ്‍ ഷോപ്പിംഗ് വെബിസൈറ്റില്‍ ഒരു മുറി ചിരട്ടയ്ക്ക് വിലയിട്ടിരിക്കുന്നത്. നാച്ചുറല്‍ ഷെല്‍ കപ്പ് എന്നാണ് ചിരട്ടയ്ക്ക് ഇട്ടിരിക്കുന്ന പേര്. നാലര ഔണ്‍സാണ് വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ചിരട്ടയ്ക്ക് ആവശ്യക്കാരും ഉണ്ടെന്നാണ് മനസിലാക്കാനും സാധിക്കുന്നത്. ഏതായാലും ഇത് കണ്ട് പകച്ചിരിക്കുകയാണ് മലയാളികള്‍.