ഇടുക്കി വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളെ കുറിച്ചു സൂചന ലഭിച്ചില്ലെങ്കിലും കൊല്ലപ്പെട്ട സമയത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാനാട്ട് കൃഷ്ണന്, ഭാര്യ സുശില, മകള്‍ ആര്‍ഷ, മകന് അര്ജുന് എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനെ തുടര്‍ന്നു പോലീസ് വെളിപ്പെടുത്തിയതു ഞായറാഴ്ച അര്‍ധരാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ്.
കൊല്ലപ്പെട്ട ആര്‍ഷയുടെ വാട്സാപ്പ് ഞായറാഴ്ച രാത്രി വരെ പ്രവര്‍ത്തിച്ചിരുന്നതായി സുഹൃത്തുക്കളില്‍ നിന്നുമാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. രാത്രി കൂട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തതായി തെളിഞ്ഞു. വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ കരഞ്ഞുവെന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഓര്‍മിക്കുന്നു. കാരണം തിരക്കിയപ്പോള്‍ കൂട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി പറഞ്ഞുവെന്നും ആര്‍ഷയെ വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചുവെന്നും ടീച്ചര്‍ വിശദീകരിച്ചു.
രണ്ടാഴ്ച മുമ്പ് സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച ഭീകരമായ കൊലപാതകത്തിന്റെ ദൃശ്യം ആര്‍ഷ ടീച്ചേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭാവിയില്‍ അധ്യാപകരാകാന്‍ തയാറെടുപ്പുകള്‍ നടത്തുന്നവര്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് അധ്യാപകര്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു.
എപ്പോഴും ഒറ്റയ്ക്കിരിക്കുന്ന പ്രകൃതമാണ് ആര്‍ഷയുടേതെന്ന് കൂട്ടുകാരും പ്രതികരിച്ചു. തൊടുപുഴ ബിഎഡ് കോളജില്‍ ബിഎഡ് സോഷ്യല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ആര്‍ഷ കൃഷ്ണന്. വെള്ളിയാഴ്ചയാണ് ഒടുവിലായി ആര്‍ഷ ക്ലാസിലെത്തിയത്. തിങ്കളും ചൊവ്വയും ക്ലാസിലെത്തിയിരുന്നില്ലെങ്കിലും പനിയോ മറ്റോ ആവുമെന്നു കരുതി. ആര്‍ഷ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞതോടെ കോളജ് ശോകമൂകമായി. ജൂലൈ രണ്ടിനാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് തുടങ്ങിയത്.
ഒരു മാസത്തോളം മാത്രം പരിചയമുള്ളതിനാല്‍ ആര്‍ഷയെക്കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. കഞ്ഞിക്കുഴി എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് ക്ലാസിലാണ് അര്ജുന് പഠിച്ചിരുന്നത്. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും അര്‍ജുന്റെ സ്വഭാവത്തെക്കുറിച്ചു മതിപ്പായിരുന്നുവെന്നു പ്രിന്‍സിപ്പല്‍ എന്‍.എം.ജിജിമോള്‍ പറഞ്ഞു. ആര്‍ഷയും അര്‍ജുനെയും കുറിച്ചു നാട്ടുകാര്‍ക്കും നല്ലതു മാത്രമേ പറയാനുള്ളൂ.
അയല്‍വാസികളോടും ബന്ധുക്കളോടും പിതാവ് കൃഷ്ണന് അകലം പാലിച്ചപ്പോഴും ഇരുവരും അയല്‍വാസികളോടും ബന്ധുക്കളോടും അടുപ്പം കാണിച്ചു. നാലംഗ കുടുംബം കൊല്ലപ്പെട്ടതിന്റെ വേദനയിലാണ് തൊടുപുഴയിലെ മുണ്ടന്മുടി ഗ്രാമം. ഹൃദയം നടുങ്ങുന്ന കൊലപാതകത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാട്.